karnataka
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; സിദ്ധരാമയ്യക്ക് മുൻതൂക്കം
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കി. പ്രമേയം പാസാക്കിയതിന് ശേഷം യോഗം അവസാനിച്ചു. സിദ്ധരാമയ്യയാണ് ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയായിരിക്കും തീരുമാനിക്കുക.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്കാണ് കൂടുതൽ മുൻതൂക്കമെന്നാണ് സൂചന. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് തിരിച്ചേക്കും. നിരീക്ഷകർ എംഎൽഎമാരെ ഒറ്റക്കൊറ്റയ്ക്ക് കാണുമെന്നും റിപ്പോർട്ടുണ്ട്. കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്തുന്നതിന് ചുമതലപ്പെടുത്തിയ നിരീക്ഷകസംഘം നാളെ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് നൽകും. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, പാർട്ടിയിലെ മുതിർന്ന നേതാവ് ദീപക് ബവാരിയ എന്നിവരാണ് നിരീക്ഷക സംഘത്തിലുളളത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് നിയമിച്ച സംഘമാണിത്.
അതേസമയം നിയമസഭാകക്ഷി യോഗം നടന്ന ബെംഗളൂരുവിലെ ഓഫീസിന് മുമ്പിൽ സിദ്ധരാമയ്യയെ പിന്തുണക്കുന്ന പ്രവർത്തകരും ഡി കെ ശിവകുമാറിനെ പിന്തുണക്കുന്ന പ്രവർത്തകരും ഒത്തുകൂടിയിരുന്നു. ഇരുനേതാക്കന്മാർക്ക് വേണ്ടിയും മുദ്രാവാക്യവിളികളുയർന്നു. ഇരുവരുടേയും പോസ്റ്ററുകളും ഫോട്ടോ പതിച്ച പതാകകളുമേന്തിയാണ് പ്രവർത്തകർ തടിച്ചുകൂടിയത്.
കർണാടകയിൽ കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുക്കും. മറ്റ് പ്രതിപക്ഷ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം മന്ത്രിസഭയുടെ അന്തിമ രൂപരേഖ രൂപപ്പെടുമെന്ന് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.