Headlines
Loading...
ഒമ്പത് മണിക്കൂർ; കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്ത് വിട്ടു

ഒമ്പത് മണിക്കൂർ; കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്ത് വിട്ടു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.30 വരെ നീണ്ടു.

56 ചോദ്യങ്ങളാണ് സി.ബി.ഐ എന്നോട് ചോദിച്ചത്. എല്ലാം വ്യാജമാണ്. കേസ് തന്നെ വ്യാജമാണ്. ഞങ്ങളുടെ പക്കൽ ഒന്നുമില്ലെന്ന് അവർക്ക് ബോധ്യമുണ്ട്, ഒരു തെളിവുപോലുമില്ല - സി.ബി.ഐ ആസ്ഥാനത്തുനിന്ന് വീട്ടിലെത്തിയ ശേഷം കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read - സുഡാനിൽ മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധി സ്ഥലത്ത് പുഷ്പാഞ്ജലി അർപ്പിച്ചാണ് കെജ്‌രിവാൾ സി.ബി.ഐ ആസ്ഥാനത്തേക്ക് വന്നത്. സഞ്ജയ് സിങ്, രാഘവ് ഛദ്ദ തുടങ്ങിയ ആപ് എം.പിമാരും സംസ്ഥാന മന്ത്രിമാരും ഇരുവരെയും അനുഗമിച്ചിരുന്നു.

ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടു​ത്ത് സി.ബി.ഐ ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ച് വൻ പൊലീസ് സന്നാഹമൊരുക്കിയിരുന്നു. ഡൽഹിയുടെ പല ഭാഗങ്ങളിലും ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

മദ്യനയത്തിൽ അഴിമതി ആരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യം കിട്ടാതെ തിഹാർ ജയിലിൽ തുടരുമ്പോഴാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സാക്ഷിയെന്ന നിലക്ക് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.