kerala
മുഖ്യമന്ത്രിക്ക് വഴിയൊരുക്കണം; മരുന്ന് വാങ്ങാന്‍ എത്തിയ കുടുംബത്തിന് പൊലീസ് ഭീഷണി
മരുന്ന് വാങ്ങാൻ എത്തിയ കുടുംബത്തിന് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അതിക്രമം. കാലടി മറ്റൂരിൽ ഇന്നലെ വൈകിട്ടാണ് കുട്ടിക്ക് മരുന്നു വാങ്ങാൻ വാഹനം നിർത്തിയവരെ പൊലീസുകാരൻ ഭീഷണിപ്പെടുത്തിയത്. അതിക്രമം ചോദ്യം ചെയ്തയാളുടെ കട പൂട്ടിക്കുമെന്നും ഭീഷണി മുഴക്കി.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ പേരിൽ എംസി റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായാണ് പൊലീസുകാരൻ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. വിമാനത്താവളത്തിൽ പോയി തിരികെ വരികയായിരുന്ന കോട്ടയം സ്വദേശികൾ നാലു വയസുള്ള കുട്ടിക്ക് പനി കലശലായതിനെ തുടർന്ന് മരുന്നു വാങ്ങാൻ മറ്റൂരിലുള്ള മെഡിക്കൽ ഷോപ്പിന് മുന്നിൽ വാഹനം നിർത്തി. വാഹനം നിർത്താനാകില്ലെന്ന് പൊലീസുകാരൻ കർശന നിലപാടെടുത്തതോടെ കുടുംബം മുന്നോട്ടുപോയി. മരുന്ന് കിട്ടാതിരുന്നതോടെ തിരികെ വന്ന് എതിർവശത്തുള്ള ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തി. മരുന്നു വാങ്ങി മടങ്ങുന്നതിനിടയാണ് പൊലീസുകാരനുമായി വീണ്ടും വാക്കേറ്റം ഉണ്ടായത്. ബഹളം കണ്ടെത്തിയ കടയുടമ സാഹചര്യം വിശദീകരിച്ചെങ്കിലും കട അടപ്പിക്കുമെന്നായിരുന്നു ഭീഷണി.