Ukraine vs Russia
ട്രെയിൻ അനുവദിച്ചില്ല; ഒഴിപ്പിക്കാൻ ബസ് തന്നെ, ശേഷിക്കുന്നത് 3000ത്തോളം പേർ
ന്യൂഡൽഹി: യുക്രെയ്നിൽ ഇപ്പോഴും കുടുങ്ങി ക്കിടക്കുന്ന ഇന്ത്യക്കാർക്കായി പ്രത്യേക ട്രെയിൻ ഓടിക്കാൻ യുക്രെയ്നോട് ആവശ്യപ്പെട്ടെങ്കിലും അവർ കേട്ടില്ലെന്നും അതിനാൽ ബസുകളിൽ ഇന്ത്യക്കാരെ അതിർത്തികളിൽ എത്തിക്കാനാണ് ഇപ്പോൾ നോക്കുന്നതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
യുക്രെയ്നിൽ 2000ത്തിനും 3000ത്തിനുമിടയിൽ ഇന്ത്യക്കാർ അവശേഷിക്കുന്നുവെന്നാണ് കരുതുന്നത്. വെടിനിർത്താതെ അവരെ ഒഴിപ്പിക്കൽ പ്രയാസമാണ്. പ്രാദേശികമായെങ്കിലും വെടി നിർത്താതെ സർക്കാറിന് ഒഴിപ്പിക്കാൻ കഴിയില്ല. ഖാർകിവിലും പിസോചിനിലും അങ്ങേയറ്റം ശ്രദ്ധയുണ്ട്. അവിടെ നിന്ന് അഞ്ച് ബസുകൾ സർവിസ് നടത്താൻ കിട്ടിയിട്ടുണ്ട്.
1000ത്തോളം ഇന്ത്യക്കാർ പിസോചിനിലുണ്ട്. 700 പേർ കുടുങ്ങിയ സുമിയെ കുറിച്ചും തങ്ങൾക്ക് ധാരണയുണ്ട്. ഇന്ന് 11 വിമാനങ്ങളിലായി 2000 പേരെ കൂടി നാട്ടിലെത്തിക്കുമെന്നും യുക്രെയ്നിൽ കുടുങ്ങിയ അവസാന ഇന്ത്യക്കാരനും തിരിച്ചെത്തുന്നതുവരെ സർവിസ് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് 11വിമാനങ്ങളിലായി 2000 പേരെ കൊണ്ടുവരും. യുക്രെയ്നിൽ നിന്ന് മടങ്ങാൻ എംബസി ആവശ്യപ്പെട്ട ശേഷം ഇതുവരെ ആകെ 20,000 ഇന്ത്യക്കാർ രാജ്യത്ത് മടങ്ങിയെത്തിയിട്ടുണ്ട്.