national
'വായു മലിനീകരണം'; ഡൽഹിയിൽ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നു
ഉയർന്ന വായു മലിനീകരണം മൂലം ഡൽഹിയിൽ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് അടക്കുന്നു. വെള്ളിയാഴ്ച മുതൽ അടയ്ക്കുന്ന സ്കൂളുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ തുറക്കില്ലെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.
നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചതിൽ ഡൽഹി സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചതിനു പിന്നാലെയാണ് തീരുമാനം.
'വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് കരുതിയാണ് ഞങ്ങൾ സ്കൂളുകൾ തുറന്നത്. എന്നാൽ വായു മലിനീകരണ തോത് വീണ്ടും ഉയർന്നിരിക്കുകയാണ്. അതിനാൽ ഇനിയൊരു ഉത്തരവ് വരുന്നത് വരെ വെള്ളിയാഴ്ച മുതൽ സ്കൂളുകൾ അടച്ചിടാൻ ഞങ്ങൾ തീരുമാനിച്ചു,' ഡൽഹി പരിസ്ഥിതി മന്ത്രി പറഞ്ഞു. നവംബർ 13 മുതൽ അടച്ചിട്ട ഡൽഹി സ്കൂളുകൾ തിങ്കളാഴ്ച മുതലാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.
ഉയർന്ന വായു മലിനീകരണ തോത് സംബന്ധിച്ച് രൂക്ഷ വിമർശനമാണ് ഇന്ന് സുപ്രീം കോടതി ഡൽഹി സർക്കാരിനെതിരെ ഉന്നയിച്ചത്. വിഷയത്തിൽ ശാശ്വത പരിഹാരവുമായി സർക്കാർ മുന്നോട്ട് വരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അല്ലാത്ത പക്ഷം കോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ് നൽകി. നാളെ വിഷയം കോടതി വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു.
'ഞങ്ങൾ വിഷയം നാളെ രാവിലെ വീണ്ടും പരിഗണിക്കും. ദയവായി അപ്പോഴേക്കും പ്രതികരണമറിയിക്കുക. അല്ലെങ്കിൽ ഞങ്ങളെ നിർബന്ധിക്കരുത്. കടുത്ത നടപടിയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങളത്. ചെയ്യും, നിങ്ങൾക്ക് ഞങ്ങൾ ഉത്തരവിറക്കും,' ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു.