Headlines
Loading...
ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകും; സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകും; സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

ഭീഷണി ഫോണ്‍കോള്‍ സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടാനില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഭീഷണിയെ കാര്യമായി എടുക്കുന്നില്ലെന്നും വിവരം അന്വേഷിച്ച് ബന്ധപ്പെട്ട പൊലീസിനോടും പരാതി ഇല്ലെന്നാണ് അറിയിച്ചതെന്നും പറഞ്ഞു. 

ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.ഏകദേശം 22 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നത്. അയാള്‍ സി എമ്മിന്റെ അനുഭവം അറിയാമല്ലോ എന്നാണ് പറഞ്ഞത്. ഞാനത് വലിയ കാര്യമായി എടുത്തിരുന്നില്ല. അക്കാര്യം കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ പരാമര്‍ശിക്കുകയാണ് ചെയ്തത്. 

പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ ഇത്തരത്തില്‍ പലതരത്തിലുള്ള ഭീഷണികളുണ്ടാകും, അതെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകണമെന്ന് പറയുകയായിരുന്നു. നമ്പറില്ലാത്ത കോളായിരുന്നു അതിനാലാണ് പരാതി നല്‍കാതിരുന്നത്. എന്റേത് ഒരു ചെറിയ ഫോണാണ്. ഏത് സമയത്താണ് ഫോണ്‍ വന്നതെന്ന് ഒന്നും ഇപ്പോള്‍ ഒര്‍മ്മയില്ല. വിഷയത്തില്‍ പരാതി നല്‍കില്ല. എനിക്ക് പരാതിയുണ്ടെങ്കിലല്ലേ മറ്റുള്ളവര്‍ അത് ചര്‍ച്ച ചെയ്യേണ്ടതുള്ളൂ.

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ലിയാരുടെയും മറ്റു പലരുടെയും അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നു എന്നായിരുന്നു ജിഫ്രി തങ്ങള്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. അങ്ങനെ വല്ലതും സംഭവിച്ചാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഹിഫ്ള് കോളജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന.

'ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി എമ്മിന്റെ (ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ് ലിയാര്‍) അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം പല വിവരമില്ലാത്തവരും വിളിച്ചുപറയുന്നുണ്ട്. അങ്ങനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍ എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി. ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ ചെയ്യട്ടെ' – തങ്ങള്‍ പറഞ്ഞു.

(ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി എം അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു)സംഭവം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്ന് വ്യക്തമാകുന്നതാണ് ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത പണ്ഡിതര്‍ക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. എന്നാല്‍ താന്‍ നേരിട്ട ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞതായും പിഎംഎ സലാം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തങ്ങളുമായി മന്ത്രി വി അബ്ദുറഹ്‌മാൻ ഫോണിലൂടെ ബന്ധപ്പെട്ടു. ഭീഷണിയെ കാര്യമായി എടുക്കുന്നില്ലെന്ന് മുത്തുകോയ തങ്ങൾ മന്ത്രിയെ അറിയിച്ചു. തങ്ങൾക്ക് സർക്കാറിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.