kerala
സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം; നാളെ മുതല്‍ അത്യാഹിത വിഭാഗവും ബഹിഷ്‌കരിക്കും
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു. നാളെ മുതല്‍ വാര്‍ഡ്, ഒപി എന്നിവയ്ക്ക് പുറമെ അത്യാഹിത വിഭാഗവും ബഹിഷ്‌കരിക്കുമെന്ന് സമരക്കാർ അറിയിച്ചു. ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കാലുള്ള ഉറപ്പ് ഉത്തരവായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം ഡോക്ടർമാർ സമരം തുടരുന്നത്. ഇതിനിടെ സമരം ചെയ്യുന്നവർ എത്രയും വേഗം ഹോസ്റ്റല്‍ ഒഴിയണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ നിര്‍ദേശം നല്‍കി.
നീറ്റ് പിജി അലോട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കണമെന്നും, ഒരു വര്‍ഷമായി തടഞ്ഞു വെച്ചിരിക്കുന്ന സ്‌റ്റൈപന്റ് വര്‍ദ്ധനവ് നടപ്പാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയും രംഗത്തെത്തി. ഡോക്ടര്‍മാര്‍ കുറവായതിനാല്‍ അടിയന്തര സാഹചര്യത്തിലുള്ള രോഗികള്‍ മാത്രമാണ് ആശുപത്രിയിലേക്ക് വരേണ്ടതെന്നും കെജിഎംസിടിഎ അറിയിച്ചു.
അതേസമയം, കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കുമെന്നാണ് മന്ത്രി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിജി ഡോക്ടർമാർ സമരം പിന്‍വലിച്ചിരുന്നു.
ഇതില്‍ നടപടിയാവുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപൂര്‍വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒന്നാംവര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.