പാലക്കാട് ∙ പച്ചക്കറികൾക്കു വലിയ വിലക്കയറ്റമാണ് മൊത്തത്തിൽ, അതിൽ തക്കാളിയുടെ വിലയാണിപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ പ്രധാന ചർച്ചാവിഷയം. സമൂഹമാധ്യമങ്ങളിൽ വൈറലാണ് തക്കാളി വിലയിലെ ട്രോളുകൾ. സാധാരണ ഈ സീസണിൽ പച്ചക്കറികൾക്കു വില വർധിക്കാറുണ്ടെങ്കിലും ഇത്തവണ കൈവിട്ട നിലയായെന്നു കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നു.
കോവിഡിനെത്തുടർന്നുളള സാമ്പത്തികപ്രതിസന്ധിയിൽ തട്ടിമുട്ടി ജീവിക്കുന്നവരുടെ കാര്യമാണ് ഇതോടെ കൂടുതൽ പരുങ്ങലിലായത്. കടയിൽ നിന്നു തക്കാളി വാങ്ങുമ്പോൾ കിലോയ്ക്കു 130 രൂപവരെയാണിപ്പോൾ വില. അതിൽ പെട്ടെന്നൊരു വിലകുറവിനുള്ള സാധ്യത മൊത്തകച്ചവടക്കാരും ചില്ലറവിപണിക്കാരും കാണുന്നില്ല. സർക്കാരിന്റെ നടപടികളെ ആശ്രയിച്ചിരിക്കും ഇനിയങ്ങോട്ടു കാര്യങ്ങളെന്നും അവർ പറയുന്നു.
കൃഷിയിറക്കിയപ്പോഴും ചെടി പൂത്തപ്പോഴും പിന്നീടും തുടർച്ചയായി പെയ്ത കനത്തമഴയിൽ തക്കാളിത്തോട്ടങ്ങളിൽ മിക്കതും തണ്ടുചീഞ്ഞും കീടങ്ങൾ കൊണ്ടും നശിച്ചതാണ് ഈ സ്ഥിതിവിശേഷത്തിന് വഴിതെളിച്ചത്. മണ്ണുതന്നെ പലയിടത്തും താറുമാറായി. ഇത്ര പ്രതികൂലമായ അന്തരീക്ഷം തക്കാളിക്കു താങ്ങാൻ കഴിയില്ല. വിപണിയിൽ തക്കാളിക്കു കൂറ്റൻ വിലയാകുമ്പോൾ അതുണ്ടാക്കുന്ന കർഷകനു കിട്ടുന്ന വരുമാനത്തിന്റെ വലുപ്പമോർത്തു തലയിൽ കൈവച്ചെങ്കിൽ തെറ്റി.
കേരളത്തിൽ കർഷകന് കിലോയ്ക്കു ശരാശരി 65 രൂപയാണ് ഇപ്പോഴും കിട്ടുന്നത്. ചെടിയിൽ കായ് ഉറയ്ക്കുന്നസമയത്ത് അടങ്കൽവിലക്കു വൻകിടകച്ചവടക്കാർക്കു തക്കാളിത്തോപ്പുകൾ കൊടുത്തവർക്ക് ഈ വിലയും കിട്ടില്ല. അന്നു നിശ്ചയിച്ച വിലയേ കച്ചവടക്കാർ നൽകൂ. 65 രൂപകിട്ടിയാലും മോശമില്ലല്ലോ എന്ന വിചാരവും വേണ്ട. കാരണം ഒരേക്കർ തക്കാളികൃഷിചെയ്ത കർഷകന് മഴക്കെടുതിയിൽ കിട്ടിയ വിളവ് ശരാശരി 10 സെന്റ് സ്ഥലത്തുനിന്നു കിട്ടുന്നതിന് തുല്യമാണ്.
കഴിഞ്ഞവർഷം 250 കിലോ കിട്ടിയസ്ഥാനത്ത് ഇത്തവണ അതു 30 കിലോയായി കുറഞ്ഞുവെന്നു ചുരുക്കം. ഒരേക്കറിൽ മുടക്കിയ പണവും അധ്വാനവും തട്ടിച്ചുനോക്കുമ്പോൾ വരവു ഏറെ തുച്ഛം. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടു മോശമല്ലാത്ത വരുമാനം ലഭിച്ച ചിലരുണ്ടായേക്കാമെന്നു കർഷകക്ഷേമവകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്കു ശരാശരി 50 രൂപയായിരുന്നു വില.
സംഭരിച്ചു വിൽക്കാൻ തമിഴ്നാട്:
കർഷകനു ലഭിക്കുന്ന വിലയും ചില്ലറവിൽപനവിലയും തമ്മിലുള്ള അന്തരം ഇടപാടുകാരുടെ സംഭാവനയാണ്. തമിഴ്നാട്ടിൽ തക്കാളി ചന്തയിലെത്തിച്ചു നൽകിയാൽ 60 രൂപ കിട്ടുമെങ്കിലും ഇടത്തട്ടുകാർ അതിനു സമ്മതിക്കാറില്ല. മഴയിൽ കായ്കൾ കൊഴിഞ്ഞും ചെടി ഒടിഞ്ഞും ഇവിടുത്തെയും കൃഷി മുക്കാൽഭാഗത്തിലധികം നശിച്ചു. ശേഷിച്ചചെടികൾ തുടരുന്ന മഴയിൽ ഇല്ലാതാകുമെന്ന ആശങ്കയിലാണ് കർഷകർ.
വില നിയന്ത്രിക്കാൻ കിലോയ്ക്കു 85 രൂപ നിരക്കിൽ സംഭരിച്ചു വിപണിയിലെത്തിക്കാൻ തമിഴ്നാട് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 1 രൂപയാവുകയും എടുക്കാൻ ആളില്ലാതാവുകയും ചെയ്തതോടെ കർണാടകയിൽ നൂറുകണക്കിന് ടൺ തക്കാളിയാണ് കർഷകർ വഴിയരുകിലും വയലിലും തള്ളിയത്. കന്നുകാലികൾ മേഞ്ഞുനടന്നു തിന്നുകയായിരുന്നു അന്നു തക്കാളി. കർണാടകയിൽ നിന്നും വലിയതോതിൽ അടുത്തദിവസങ്ങളിൽ തക്കാളി എത്തുന്നതോടെ കേരളത്തിലും വിലകുറയുമെന്നാണ് പ്രതീക്ഷ.