Palakkad
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളില്‍ ഒരാളുടെ രേഖാചിത്രം തയ്യാറാക്കുന്നു
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് തയ്യാറാക്കും. സഞ്ജിത്തിന്റെ ഭാര്യയും സംഭവത്തിന്റെ ദൃസാക്ഷിയുമായ അര്‍ഷിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ലഭിച്ച വിവരത്തിന്റെയും സാക്ഷികളുടെ സഹായത്തോടെ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
രേഖാചിത്രം കണ്ട് എല്ലാ സാക്ഷികളുടെ ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക. പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് അന്വേണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ കോയമ്പത്തൂരിലേക്കായിരിക്കാം പോയിരിക്കുക എന്നാണ് പൊലീസിന്റെ സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്ന് പൊലീസ് പറഞ്ഞു.
നവംബര്‍ പതിനഞ്ചിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) പട്ടാപ്പകല്‍ നടുറോഡില്‍ കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നില്‍ക്കയാണ് പ്രതികള്‍ സഞ്ജിത്തിനെ വെട്ടിയത്.
പിന്നാലെ സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. യാതൊരു പ്രകോപനമില്ലാതെആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.