kerala
പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവം; കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്
തിരുവനന്തപുരം: ആറ്റിങ്ങലിൽ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകാനും ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് പൊതുമധ്യത്തിൽ അപമാനിക്കാൻ പിങ്ക് പോലീസ് ഉദ്യോഗസ്ഥ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പരാതിക്കാരായ അച്ഛനെയും മകളെയും ആരോപണവിധേയരെയും വിളിച്ചുവരുത്തി ബാലാവകാശ കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്.
അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ബാലനീതി വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന നിർദേശമാണ് പ്രധാനമായും നൽകിയിരിക്കുന്നത്. കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നത് സംബന്ധിച്ച് പോലീസ് സേനാംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ഇതിന് ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നുണ്ട്.
പെൺകുട്ടിക്ക് പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റം മൂലം വലിയ മാനസികാഘാതമാണ് ഉണ്ടായിരിക്കുന്നത്. ഇത് മാറ്റാനുള്ള നടപടിയും സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഈ മൂന്ന് നിർദേശങ്ങളിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനകം അതിന്റെ റിപ്പോർട്ട് ബാലാവകാശ കമ്മീഷന് നൽകണമെന്നും ചെയർമാൻ കെ.വി. മനോജ് കുമാർ ഈ ഉത്തരവിൽ പറയുന്നുണ്ട്.
ഒരു കുട്ടിയെ മോഷ്ടാവായി ചിത്രീകരിക്കാൻ ഒരു പോലീസുദ്യോഗസ്ഥ ശ്രമിച്ചത് അംഗീകരിക്കാൻ കഴിയില്ല. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. സ്ഥലം മാറ്റുമെന്നത് പോലീസ് സേനയിൽ ഒരു അച്ചടക്കത്തിന്റെ ഭാഗമായ സ്വാഭാവിക നടപടിക്രമം മാത്രമാണ്. എന്നാൽ ഈ സംഭവത്തിൽ അത് പോരെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ എടുത്ത് പറയുന്നുണ്ട്. ഇത്തരം വീഴ്ചകളുണ്ടായാൽ കനത്ത ശിക്ഷാനടപടി തന്നെ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.