kerala
'മരം മുറി ഉന്നത ഉദ്യോഗസ്ഥരും അറിഞ്ഞു'. മിനിട്‌സ് പുറത്ത്; വാദങ്ങള്‍ പൊളിയുന്നു
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കൊണ്ടുള്ള വിവാദ ഉത്തരവ് സംബന്ധിച്ച സര്‍ക്കാര്‍ വാദങ്ങങ്ങള്‍ പൊളിയുന്നു. ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും സംസ്ഥാന സര്‍ക്കാറിലെ മരം മുറി ഉന്നത ഉദ്യോഗസ്ഥരും വിഷയം അറിഞ്ഞിട്ടുണ്ടെന്നുമാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മിനിട് പകര്‍പ്പ് ലൈവ് ടുഡേ മലയാളത്തിന് ലഭിച്ചു.
പുറത്ത് വന്ന രേഖകളില്‍ മരം മുറി അനുമതി പരിഗണിക്കുന്നു എന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. തമിഴിനാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്‌സില്‍ അനുമതിക്ക് നടപടി എടുത്തു കൊണ്ടിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. യോഗത്തില്‍ ജല വിഭവ സെക്രട്ടറിയും ഉത്തരവ് ഇറക്കിയ ബെന്നിച്ചന്‍ തോമസും പങ്കെടുത്തിരുന്നു എന്നും വ്യക്തമാക്കുന്നതാണ് രേഖകള്‍. മരം മുറിയ്ക്കാന്‍ സെപ്തംബര്‍ 17 ന് തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന രേഖകള്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ സെപ്തംബര്‍ 17ന് ചര്‍ച്ച നടത്തിയതായാണ് രേഖകളിലുള്ളത്.
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരം മുറി അനുമതി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ ഇത് പ്രകാരം സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.
ഇതിനിടെ, ഒന്നാം തീയതി യോഗം ചേര്‍ന്നില്ല എന്നാണ് താന്‍ പറഞ്ഞത് എന്ന് ജല വിഭവവകുപ്പ് മന്ത്രി വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്നത്തെ യോഗത്തില്‍ മരം മുറി വിഷയം ചര്‍ച്ച ആയിട്ടില്ല. പതിനേഴാം തീയതി യോഗം ചേര്‍ന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. യോഗം ചേരുന്നതിനു പ്രശ്‌നമില്ലെന്നും ജല വിഭവ വകുപ്പ് മന്ത്ര റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.