kasaragod
മുടി മുറിച്ച് റാഗിങ്; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, അടിയന്തര അന്വേഷണത്തിന് നിർദേശം
കാസര്‍ഗോഡ് ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുടിമുറിച്ച് റാഗുചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റു സ്കൂളുകളിലും സമാന രീതിയിൽ റാഗിംഗ് നടന്നതായി പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ബാലാവകാശ കമ്മീഷൻ നിർദേശം നല്‍കി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സഹപാഠികള്‍ മുറിച്ച് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉപ്പള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കവിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. എന്നാല്‍ ഇന്നലെയോടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച് മാറ്റിയത്. എന്നാല്‍ സ്‌കൂളിന് അകത്തുവച്ചായിരുന്നില്ല അതിക്രമം എന്നാണ് വിവരം. സ്‌കൂളിന് പുറത്തുള്ള കൂള്‍ബാറില്‍ വച്ചായിരുന്നു കുട്ടിയുടെ മുടി മുറിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ പരാതി നല്‍യിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരാതി ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരാതിയില്ലെന്ന നിലപാടാണ് അതിക്രമത്തിന് ഇരയായ കുട്ടിയുടെ നിലപാട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടുമില്ല. എന്നാല്‍, പ്രദേശത്തെ സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.