national
മുല്ലപ്പെരിയാര്‍: കേരളത്തിന് സുപ്രിംകോടതിയുടെ വിമര്‍ശനം, 'ചര്‍ച്ചയ്ക്ക് തയ്യാറാകണം'
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേരളത്തിന് സുപ്രിം കോടതിയുടെ വിമര്‍ശനം. കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാവകണമെന്നായിരുന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മേല്‍നോട്ട സിമിതി അടിയന്തര തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

കേരളവുമായും മേല്‍നോട്ടസമിതിയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു. കേരളവും തമിഴ്‌നാടും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പക്ഷം കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെ ഉണ്ടാവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് കൈമാറിയതായി കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതിന് 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് മുല്ലപ്പെരിയാറെന്നും അതിനെ രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.
അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച്ച വരുത്തി, സുരക്ഷക്കായുള്ള മേല്‍നോട്ട സമിതി ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്നിങ്ങനെ രണ്ട് പരാതികളിലെ പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
അതേസമയം, മുല്ലപെരിയാറിലെ ജലനിരപ്പ് 137 അടി പിന്നിട്ടു. സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 5700 ഘനയടി ജലമാണ്. 2200 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 138 അടിയെത്തിയാലാണ് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കുക. 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം നല്‍കും. അനുവദനീയമായ പരമാവധി സംഭരണം 142 അടിയാണ്.