Headlines
Loading...
ഐസ്ക്രീമിൽ മദ്യം ചേർത്ത് വിൽപ്പന പതിവാക്കിയ ഐസ്ക്രീം പാർലർ, അധികൃതർ ഇടപെട്ട് അടുപ്പിച്ചു

ഐസ്ക്രീമിൽ മദ്യം ചേർത്ത് വിൽപ്പന പതിവാക്കിയ ഐസ്ക്രീം പാർലർ, അധികൃതർ ഇടപെട്ട് അടുപ്പിച്ചു

കോയമ്പത്തൂർ: ഐസ്‌ക്രീമിൽ മദ്യംചേർത്ത് വില്പന പതിവാക്കിയ പാർലർ, അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. കോയമ്പത്തൂർ ജില്ലയിലെ അവിനാശി റോഡിലുള്ള ലക്ഷ്മി മിൽസ് പ്രദേശത്തെ പാർലറാണ് പൂട്ടിച്ചത്. നിരവധി മദ്യക്കുപ്പികൾ ഇവിടെനിന്ന് പിടിച്ചെടുത്തു. പാർലറിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

കൗമാരക്കാരും യുവാക്കളുമായിരുന്നു പാർലറിലെ സ്ഥിരം കസ്റ്റമേഴ്സ്. സ്പെഷൽ ഐസ്ക്രീം എന്നനിലയിലാണ് മദ്യംചേർത്ത ഐസ്ക്രീമുകൾ വിതരണം ചെയ്തിരുന്നത്. ആവശ്യക്കാർക്ക് വീര്യം എത്രവേണമെന്ന് പറഞ്ഞാൽ മാത്രം മതി. അതിനനുസരിച്ചുള്ള ഐറ്റം മുന്നിലെത്തും. പുറമേ നിന്നുനോക്കുന്നവർക്ക് ഐസ്‌ക്രീം കഴിക്കുന്നു എന്ന തോന്നൽ മാത്രമേ ഉണ്ടാകൂ. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാർലറിലെ മദ്യവില്പന കണ്ടുപിടിച്ചത്.

ഐ‌സ്‌ക്രീമും മറ്റ് ഭക്ഷണ പദാർത്ഥങ്ങളും തയ്യാറാക്കുന്ന സ്ഥലം കണ്ട് അമ്പരന്നുപോയെന്നാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ പറയുന്നത്. ഈച്ചയും കൊതുകും നിറഞ്ഞ അവിടെ ദിവസങ്ങൾ പഴക്കുമുള്ള ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തി. പാർലറിലെ ജീവനക്കാർ മാസ്കുപോലും ധരിച്ചിരുന്നില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിച്ചതെന്നും തുടർന്ന നടപടികൾ ഉണ്ടാവുമെന്നുമാണ് അധികൃതർ പറയുന്നത്.