national
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസിലേക്ക്
സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസില്‍ ചേരും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് വരുന്നത്. രാഹുല്‍ഗാന്ധി ഈ ചടങ്ങില്‍ പങ്കെടുക്കും. നേരത്തെ ഭഗത് സിങ് ദിനത്തില്‍ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു.
ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗാനേഷ് മേവാനിയുടെ കോണ്‍ഗ്രസിലേക്കുളള ഔദ്യോഗിക പ്രവേശനം പിന്നീട് ആയിരിക്കും. രണ്ടു നേതാക്കളേയും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു.
ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു. തെരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംങ്, പാറ്റ്‌ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം, ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണം എന്നി ആവശ്യങ്ങള്‍ കനയ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചില്ല. ഇത് പാര്‍ട്ടി വിരുദ്ധമായിട്ടാണ് സിപിഐ കണ്ടത്.
കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കണം തെരഞ്ഞടുപ്പ് സമിതി ചെയര്‍മാനാക്കണം എന്നി ആവശ്യങ്ങള്‍ നേതൃത്വത്തിന് മുന്‍പില്‍ അദ്ദേഹം വെച്ചിരുന്നു. ഇത് വരുന്ന ദേശീയ കൗണ്‍സലില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനിടെയാണ് കനയ്യയുടെ രാഷ്ട്രീയ മാറ്റം .
ജിഗ്നേഷ് മേവാനിയുമായുളള സൗഹൃദമാണ് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിന്റെ മധ്യസ്ഥതയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി പ്രവേശനം സാധ്യമായത്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ പോകുന്ന പ്രശാന്ത് കിഷോറും അന്നത്തെ ചര്‍ച്ചയിലുണ്ടായിരുന്നു.