ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്. റോക്കി റോയ്, നിഷാന്ത് എന്നിവരെയാണ് കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിൽ പിടികൂടിയത് എന്നാണ് വിവരം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നടപടി. പിടിയിലായവര്‍ മോഷണക്കേസുകളില്‍ ഉള്‍പ്പെടെ പ്രതികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടയ്ക്കാവൂര്‍ സ്വദേശിയാണ് റോക്കി റോയ്. നിശാന്തിനെ കഠിനംകുളത്തെ വീട്ടില്‍ നിന്ന് ആലപ്പുഴ എസ്.പി.യുടെ സ്‌ക്വാഡുമാണ് പിടികൂടിയത്.
ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണ നടക്കുന്നുണ്ടെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അവകാശപ്പെട്ടപ്പോഴും പ്രതികളെ പിടികൂടാനാവാത്തതില്‍ പൊലീസ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇരുചക്ര വാഹനത്തില്‍ കറങ്ങിനടന്ന് കവര്‍ച്ച നര്‍ത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.
തൃക്കുന്നപ്പുഴയില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയെയാണ് ബൈക്കിലെത്തിയ സംഘം കടന്നുപിടിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുയുമായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന തന്നെ സംഘം പിന്തുടരുകയും മാലയുള്‍പ്പെടെ പിടിച്ച് പറിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും യുവതി പിന്നീട് പ്രതികരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെയാണ് രക്ഷപ്പെട്ടത്.