കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസ്: പ്രതി പിടിയില്‍
പരവൂർ : കൊല്ലം പരവൂരിൽ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയിൽ. തെന്മലയിൽ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
പ്രതി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശിഷിനെ പിടികൂടിയത്.
ഷംല വർഷങ്ങളായി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറിൽപ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. ഊണുവാങ്ങി കാറിൽവെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തിൽ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.
ഷംലയും സാലുവും പരവൂർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പരവൂർ എ.സി.പി.യെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.