kerala
കിരണിന്റെ പിരിച്ചുവിടല്‍ നിലനില്‍ക്കില്ല; കാരണം വ്യക്തമാക്കി വിദഗ്ദ്ധര്‍
ഭര്‍തൃവീട്ടില്‍ വിസ്മയ വി.നായരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പിരിച്ചുവിട്ട നടപടി നിലനില്‍ക്കില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
പിരിച്ചുവിട്ടതിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 226 അനുസരിച്ച് കിരണ്‍ കുമാറിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാകും. 48 മണിക്കൂറിന് മേല്‍ റിമാന്‍ഡിലായാല്‍ സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് സര്‍ക്കാര്‍ കീഴ് വഴക്കം. കുറ്റം തെളിഞ്ഞ് കോടതി ശിക്ഷിച്ചാല്‍ മാത്രമേ ആരോപണ വിധേയന്‍ കുറ്റക്കാരനാവൂ, എന്നും പിരിച്ചുവിടല്‍ നിലനില്‍ക്കില്ലെന്നുമാണ് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുറ്റാരോപണ മെമ്മോ നല്‍കി പ്രതിയുടെ ഭാഗം കേള്‍ക്കണമെന്ന ചട്ടം ഇവിടെ പാലിച്ചിട്ടുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.
കേരള ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡന വിഷയത്തില്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചു വിടുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം, സ്ത്രീവിരുദ്ധ പ്രവൃത്തി എന്നിവയൊക്കെയാണ് കിരണിനെ പിരിച്ചുവിടാനുള്ള കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 1960-ലെ കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല.