kollam
കൊല്ലത്ത് 13 വയസുകാരന് പിതാവിന്റെ ക്രൂര മർദ്ദനം; പീഡന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: പതിമൂന്ന് വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കടക്കൽ കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശി നാസറുദ്ദീനാണ് അറസ്റ്റിലായത്. ഇയാൾ 13കാരനായ മകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തല്ലരുതെന്ന് അപേക്ഷിച്ച കുട്ടിയെ ഇയാൾ ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിലുണ്ട്.
വൃദ്ധമാതാവ് കുട്ടിയെ മർദ്ദിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് ഇയാളോട് മറ്റൊരാൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ദൃശ്യങ്ങൾ ചിത്രീകരിച്ചാലും തനിക്ക് കുഴപ്പമൊന്നുമില്ലെന്നും പൊലീസിനെ പേടിയില്ലെന്നും ഇയാൾ ആക്രോശിക്കുന്നു. ബാലവകാശ കമ്മീഷൻ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇയാൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം.