Headlines
Loading...
തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാനൊരുങ്ങി പോലീസ്

തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാനൊരുങ്ങി പോലീസ്

പത്തനംതിട്ട: തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാനൊരുങ്ങി പോലീസ്. സ്പിരിറ്റ് എത്തിക്കാൻ കരാർ ഏറ്റെടുത്തയാളും ടാങ്കർ ലോറി ഉടമയും പുളിക്കീഴ് എക്സൈസ് സിഐയും പ്രതി ആയേക്കും. കമ്പനിയുടെ 2015 മുതലുള്ള പ്രവര്‍ത്തനങ്ങൾ പോലീസ് പരിശോധിക്കും.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശ കൂടാതെ വൻ സ്പിരിറ്റ് വെട്ടിപ്പ് നടത്താനാവില്ലെന്നാണ് പോലീസ് അനുമാനം. സിഐ റാങ്കുള്ള എക്‌സൈസ് ഉദ്യോഗസ്ഥൻ സ്ഥാപനത്തിൽ ഉണ്ടെന്നിരിക്കെയാണ് ഇത്രനാളും തട്ടിപ്പ് തുടർന്നത്. അതിനാൽ തന്നെ കൂടുതൽ ആളുകൾ പോലീസിന്റെ പ്രതി പട്ടികയിലെത്തിയേക്കും. നിലവിലുളള ഏഴു പ്രതികൾക്ക് പുറമേ സ്പിരിറ്റ് എത്തിക്കാന്‍ കരാര്‍ എടുത്ത ടോംസി, ടാങ്കര്‍ ലോറി ഉടമ ഷാജു, പുളിക്കീഴ് എക്‌സൈസ് സിഐ എന്നിവരും പ്രതിപ്പട്ടികയില്‍ ഉൾപ്പെടാൻ സാധ്യതയുളളതായാണ് സൂചന.

കരാറുകാരനെയും ടാങ്കർ ഉടമയെയും ഇന്നലെയും ഇന്നുമായി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉള്ളതായി പോലീസ് വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയ ടാങ്കറുകള്‍ കരാറുകാരും പൊലീസും ചേര്‍ന്ന് പരിശോധിച്ചു. ട്രാന്‍സ്‌പോര്‍ട്ടിംഗ് ആവശ്യത്തിനായി വിവിധ സ്ഥലങ്ങളില്‍ പല തവണ ടാങ്കറുകള്‍ കൊണ്ടു പോയിട്ടുണ്ടെങ്കിലും ഇലക്ട്രോണിക് ലോക്കിങ് സംവിധാനത്തിലെ ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റിയത് ആദ്യത്തെ സംഭവമാണെന്നും അവര്‍ മൊഴി നല്‍കി.

അതേസമയം ഒളിവിലുള്ള ജനറൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ സ്വത്തു വിവരങ്ങളും പോലീസ് അന്വേഷിക്കും. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരിയായ ആറാം പ്രതി മേഘ മുരളിയുടെ നിയമനം സംബന്ധിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ പ്രതിപ്പട്ടികയില്‍ ഇടം പിടിച്ച ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഉന്നത തല നീക്കം തകൃതിയായി നടക്കുതായും സൂചനകളുണ്ട്.