kerala
മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍
മുന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.
പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടി ചൈൽഡ് വെൽഫയർ കമ്മറ്റിയെ ഫോൺ സന്ദേശത്തിലൂടെ പീഡനം വിവരം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഐജിയുടെ നിർദ്ദേശപ്രകാരം അച്ഛനെ ദേവികുളം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തു. പാലക്കാട് കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മുന്നാറില്‍ നിന്ന് പുതിയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്.
പാലക്കാട് സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശി നൗഫല്‍, മേഴത്തൂര്‍ സ്വദേശി അഭിലാഷ് എന്നിവരുടെ അറസ്റ്റാണ് ചാലിശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ ഇന്നലെ രാത്രിയോടെ തന്നെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അറസ്റ്റിലായ നൗഫലിനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും, അഭിലാഷിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജുനെ ഡിവൈഫ്‌ഐ സംരക്ഷിക്കുന്നെന്നാരോപിച്ച് പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം ബാലാവാകാശ കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മുമ്പൊരിക്കല്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുമ്പോള്‍ അവിടെ ഒരു കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് പറഞ്ഞ് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് വേണ്ടത്ര ഇടപെടാത്തതെന്നാണ് മഹിളാ കോണ്‍ഗ്രസ് ചോദിക്കുന്നത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.