മുന്‍ മന്ത്രി കെ. ശങ്കരനാരായണ പിള്ള (76) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ഓടെ ആയിരുന്നു അന്ത്യം. നെടുമങ്ങാടുള്ള വസതിയില്‍ കുഴഞ്ഞുവീണ കെ. ശങ്കരനാരായണ പിള്ളയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം ഇന്ന് വിട്ട് നല്‍കുക.
കെഎസ്‌യു വിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ കെ. ശങ്കരനാരായണ പിള്ള പിന്നീട് ഇടത് പക്ഷത്തേക്ക് എത്തുകയായിരുന്നു. 1987 മുതല്‍ 1991 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയാവുന്നതില്‍ വരെ എത്തി ചുവട് മാറ്റം. പിന്നീട് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്നീ നിലകളില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു കെ ശങ്കരനാരായണ പിള്ളയുടെ പ്രവര്‍ത്തനം. ഇതിന് ശേഷംകോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തിലായിരുന്നു മന്ത്രി സ്ഥാനവും. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസിലേക്ക് മടങ്ങി.