Headlines
Loading...
എന്റെ വീട്ടിലും സ്ത്രീധനം അളക്കുന്ന തുലാസ് ഉണ്ട്, അത് ഇവിടെ ഉപേക്ഷിക്കുന്നു’; ഡിവൈഎഫ്‌ഐ വേദിയില്‍ സലീം കുമാര്‍

എന്റെ വീട്ടിലും സ്ത്രീധനം അളക്കുന്ന തുലാസ് ഉണ്ട്, അത് ഇവിടെ ഉപേക്ഷിക്കുന്നു’; ഡിവൈഎഫ്‌ഐ വേദിയില്‍ സലീം കുമാര്‍

മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് നടന്‍ സലീം കുമാര്‍. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്നും വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അര്‍ഹനാണെന്നും സലീം കുമാര്‍ പറഞ്ഞു. സ്ത്രീധന ഭാരത്താല്‍ തൂക്കികൊല്ലാനുള്ള സ്ത്രീ ജിവിതങ്ങള്‍ എന്ന് സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.

ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ടെന്നും ആദ്യം ആ ത്രാസ് പിടിച്ചെടുക്കുകയാണ് വേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു. തനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്‌റെ വീട്ടിലും ത്രാസ് ഉണ്ട്. ഈ നിമിഷം ആ ത്രാസ് ഒഴിവാക്കുകയാണെന്നും നടന്‍ പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ മരിച്ചുവീഴുന്ന സംഭവത്തില്‍ 50 ശതമാനവും കാരണം സ്ത്രീധനം എന്ന വിപത്താണെന്നും കൊവിഡിനേക്കാള്‍ മാരകമാണിതെന്നും സലീം കുമാര്‍ കൂട്ടിചേര്‍ത്തു. രണ്ട് വര്‍ഷം കൊണ്ട് കൊവിഡിന് വാക്‌സിന്‍ കണ്ടെത്തി എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സലീം കുമാറിന്റെ വാക്കുകള്‍-

ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ആ വെള്ളം തളംകെട്ടി പിടിച്ചുനിര്‍ത്തി സംഘടിത നീക്കം നടത്തേണ്ടതുണ്ട്. ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ള ആയിരത്തി എണ്‍പതോളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്തതത്. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. ഈ കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20 ാം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു.

മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്‌റെ വീട്ടും ത്രാസ് ഉണ്ട്. അത് ഒഴിവാക്കുകയാണ്.