Headlines
Loading...
കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ള ശനിയും ഞായറും ദീര്‍ഘ ദൂര ബസ്; ലോക്ഡൗണ്‍ നീട്ടിയ പുതിയ ഉത്തരവില്‍ ആശയക്കുഴപ്പം

കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ള ശനിയും ഞായറും ദീര്‍ഘ ദൂര ബസ്; ലോക്ഡൗണ്‍ നീട്ടിയ പുതിയ ഉത്തരവില്‍ ആശയക്കുഴപ്പം

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലോക്ക് ഡൗണ് നീട്ടിയെങ്കിലും ഉത്തരവില്‍ ആശയക്കുഴപ്പം തുടരുന്നു. വാരാന്ത്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചങ്കിലും ഈ ദിവസങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രാ അനുമതി നല്‍കിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന ദീര്‍ഘ ദൂര ബസുകള്‍ക്കാണോ കേരളം വഴി കടന്നു പോവുന്ന ഇതര സംസ്ഥാന ബസുകള്‍ക്കാണോ അനുമതിയെന്ന് വ്യക്തതമാക്കിയിട്ടില്ല.

ശനിയും ഞായറും അവശ്യ വിഭാഗങ്ങള്‍ക്കും, അടിയന്തര സേവനങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. ഈ ദിവസങ്ങളിലാണ് ദീര്‍ഘദൂര ബസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ കൂടുതലുള്ള ദിവസങ്ങളില്‍ ബസ് സര്‍വീസുകള്‍ അനുവദിച്ചത് ഉത്തരവിലെ പിശകെന്നാണ് കരുതുന്നത്.

നിലവില്‍ ഹോട്ടലുകള്‍ക്കും, റെസ്റ്റോറന്റുകള്‍ക്കും 9 മണി മുതല്‍ 7:30 വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.എന്നാല്‍ പുതിയ ഉത്തരവില്‍ ഇത് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയെന്നാണ് കാണിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടി. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.