kerala
മാസ് വാക്സിനേഷന് സര്‍ക്കാര്‍; പ്രതിരോധം ഉറപ്പിക്കാൻ 'ക്രഷിങ് ദ കര്‍വ്'
സംസ്ഥാനത്ത് മാസ് വാക്സിനേഷന് 'ക്രഷിങ് ദ കർവ് ' കർമപദ്ധതിയുമായി സർക്കാർ. 45 വയസിനുമുകളിൽ പ്രായമുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവയ്പ് നല്കാനാണ് തീരുമാനം. കിടക്കകളും വെന്റിലേറ്റർ സൗകര്യങ്ങളും വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നല്കി. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഉമ്മൻ ചാണ്ടിയുടേയും ആരോഗ്യ നില തൃപ്തികരമാണ്. വരുന്ന മൂന്നാഴ്ച അതി നിർണായകം. 4000 പിന്നിട്ട പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരം കവിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ.45 പിന്നിട്ട പരമാവധി പേർക്ക് പരമാവധി വേഗത്തിൽ വാക്സീൻ നല്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രോഗവ്യാപനം അതിവേഗത്തിലാണെന്നത് കണക്കിലെടുത്ത് കിടക്കകൾ, ഐ സി യു , വെന്റിലേറ്റർ സംവിധാനങ്ങൾ വർധിപ്പിക്കാനും നിർദേശിച്ചു. സംസ്ഥാനത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു. 100 പേരെ പരിശോധിക്കുമ്പോൾ ഏഴുപേർ പോസിറ്റീവാണ്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി.