Headlines
Loading...
ലോകായുക്ത റിപ്പോർട്ട് കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് നിയമവിദഗ്ധർ

ലോകായുക്ത റിപ്പോർട്ട് കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് നിയമവിദഗ്ധർ

കൊച്ചി:നിയമപരമായും ധാർമികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോർട്ടെന്ന് നിയമവിദഗ്ധർ. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോർട്ടെന്നത് ഗൗരവം വർധിപ്പിക്കുകയാണ്. വെറുതെയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.Q

കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നതരത്തിലുള്ള ലോകായുക്തയുടെ റിപ്പോർട്ട് അപൂർവമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ് പറഞ്ഞു. ലോകായുക്തയുടെ റിപ്പോർട്ടിനെതിരേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാം. മധ്യവേനൽ അവധിക്കായി ഹൈക്കോടതി അടച്ചതിനാൽ ഹർജി ഫയൽ ചെയ്യാനും പരിമിതികളുണ്ട്. 13-േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ.

അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്നനിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകായുക്തയുടെ റിപ്പോർട്ട് കിട്ടിയാൽ മൂന്നുമാസത്തിനുള്ളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ്‌ നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കിൽ ലോകായുക്ത വിഷയം ഗവർണറെ പ്രത്യേക റിപ്പോർട്ട് വഴി അറിയിക്കണം. ആ റിപ്പോർട്ട് ഗവർണർ നിയമസഭയുടെ പരിഗണനയ്ക്ക് വെക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടിൽ പറയുന്നത്.

ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ ഉൾപ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോർട്ട്. വകുപ്പ് മാറ്റി പ്രശ്‌നം പരിഹരിക്കാൻപോലും കഴിയാത്ത പ്രതിസന്ധിയാണത്.