assembly election 2021
വോട്ടിനൊപ്പം പെന്‍ഷന്‍; വോട്ടറെ സ്വാധീനിച്ചെന്ന് റിപ്പോര്‍ട്ട്; നടപടി
കായംകുളം തപാല്‍ വോട്ട് വിവാദത്തില്‍ പെന്‍ഷന്‍ എത്തിച്ച ഉദ്യോഗസ്ഥന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ച സഹകരണബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. പെന്‍ഷന്‍ എത്തിച്ചത് പോളിങ് ഉദ്യോഗസ്ഥരുടെ അറിവോടെയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. തപാല്‍ വോട്ട് ചെയ്യുംമുന്‍പ് പെന്‍ഷന്‍ എത്തിച്ചത് യാദൃശ്ചികമെന്നും വരണാധികാരി വാദിക്കുന്നു.
കായംകുളത്ത് വൃദ്ധയുടെ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം ക്ഷേമ പെൻഷനും വിതരണം ചെയ്തത് യാദൃശ്ചികമെന്ന് റിട്ടേണിങ്ങ് ഓഫീസറുടെ റിപ്പോർട്ട്. പോളിങ്ങ് ഉദ്യോഗസ്ഥരുടെ അറിവോടെയല്ല സഹകരണ ബാങ്ക് ജീവനക്കാരൻ പെൻഷൻ വിതരണത്തിന് എത്തിയത്. എന്നാൽ സ്വാധീനിക്കാൻ ശ്രമം നടന്നുവെന്നു തന്നെയാണ് വീട്ടുകാരുടെ വാദം.
കായംകുളം നഗരസഭയിലെ പതിനൊന്നാം വാർഡിൽ എൺപത്തി നാലുകാരിയായ കമലാക്ഷിയമ്മയുടെ വോട്ട് ഇന്നലെ വീട്ടിലെത്തി രേഖപ്പെടുത്തുന്നതിനിടയിലാണ് പെൻഷൻ വിതരണവും നടത്തിയത്. യുഡിഎഫ് പരാതി നൽകിയതിനെ തുടർന്ന് കളക്ടർ റിട്ടേണിങ്ങ് ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. പോളിങ്ങ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോർട്ടാണ് റിട്ടേണിങ്ങ് ഓഫീസർ നൽകിയത്. വോട്ടു രേഖപ്പെടുത്തലും പെൻഷൻ വിതരണവും യാദൃശ്ചികമായി സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ.
പോളിങ്ങ് ഉദ്യോഗസ്ഥരുടെ അറിവോടെയല്ല പെൻഷൻ നൽകാൻ ആളെത്തിയത്. പെൻഷൻ വിതരണം നടക്കുന്ന കാര്യം അറിയുകയോ ആരും ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. റിട്ടേണിങ്ങ് ഓഫീസറുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ തെറ്റാണെന്ന് കമലാക്ഷിയമ്മയുടെ കുടുംബവും പറയുന്നു. സംസ്ഥാനമൊട്ടാകെ തപാൽ വോട്ടിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.