assembly election 2021
kerala
'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും'; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പൊന്നാനിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധം
കുറ്റ്യാടി/പൊന്നാനി[ Live Today Malayalam ]: എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിലും കുറ്റ്യാടിയിലും സിപിഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. പൊന്നാനിയിൽ പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിന് എതിരെയും കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചുമാണ് പ്രവർത്തകർ പ്രകടനമായി തെരുവിലിറങ്ങിയത്.
പൊന്നാനിയിൽ പി.നന്ദകുമാറിനു പകരം ടി.എം. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേരാണ് പൊന്നാനിയിൽ തെരുവിലിറങ്ങിയത്. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിനാളുകൾ അണി ചേർന്നു. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം.
രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീക്കറും സിറ്റിങ് എംഎൽഎയുമായ പി. ശ്രീരാമകൃഷ്ണനെ മാറ്റിനിർത്താൻ തീരുമാനിച്ചത്. പൊന്നാനി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം. സിദ്ദീഖ് മത്സരിക്കുമെന്ന ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ടി.എം.സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാർ പറയുന്നു. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിർദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽതന്നെ മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടാണ് കുറ്റ്യാടിയിൽ പ്രവർത്തകർ പ്രകടനം നടത്തിയത്.
കേരള കോൺഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാർട്ടി പ്രവർത്തകർക്ക് അറിയുകപോലുമില്ലെന്ന് പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ രംഗത്തിറങ്ങിയത്. നേരത്തെ ഈ ആവശ്യം ഉയർത്തി പോസ്റ്ററുകൾ പതിച്ചിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ പറയുന്നു.