Sports
രാജസ്ഥാന് ആശ്വസിക്കാം; ആർച്ചർക്ക് നഷ്ടമാവുക ആദ്യത്തെ 4 ഐപിഎൽ മത്സരങ്ങൾ
ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് നഷ്ടമാവുക ആദ്യ നാല് ഐപിഎൽ മത്സരങ്ങൾ. അഞ്ചാം മത്സരം മുതൽ താരത്തിന് രാജസ്ഥാൻ റോയൽസിൽ കളിക്കാനാവുമെന്നാണ് സൂചന. ഇ എസ് പി എൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12ന് പഞ്ചാബ് കിംഗിനെതിരെയാണ് രാജസ്ഥാൻ്റെ ഐപിഎൽ ക്യാമ്പയിൻ ആരംഭിക്കുക. ഏപ്രിൽ 22നാണ് അവർ നാലാം മത്സരം കളിക്കുക. റോയൽ ചലഞ്ചേഴ്സിനെതിരെ നടക്കുന്ന ഈ മത്സരത്തിനു ശേഷം ആർച്ചർ മാച്ച് ഫിറ്റാവുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കൈക്ക് പരുക്കേറ്റ ആർച്ചറൂടെ സർജറി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. സർജറിക്കു ശേഷം രണ്ട് ആഴ്ചത്തെ വിശ്രമമാണ് താരത്തിനു നിർദ്ദേശിച്ചിരിക്കുന്നത്. താരത്തിൻ്റെ നില കൃത്യമായി നിരീക്ഷിച്ച് അതിനനുസരിച്ച് മാത്രമേ പരിശീലനം ആരംഭിക്കാൻ അനുവദിക്കൂ എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു.
വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്ക് പൊട്ടിയാണ് താരത്തിനു പരുക്കേറ്റത്. കയ്യിൽ തറച്ചുകയറിയിരുന്ന ഗ്ലാസ് കഷണം സർജറി ചെയ്ത് പുറത്തെടുത്തിരുന്നു.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.