Headlines
Loading...
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി കോലി; ഇംഗ്ലണ്ടിന് 157 റണ്‍സ് വിജയലക്ഷ്യം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി കോലി; ഇംഗ്ലണ്ടിന് 157 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ വിരാട് കോലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 46 പന്തുകൾ നേരിട്ട കോലി നാലു സിക്സും എട്ടു ഫോറുമടക്കം 77 റൺസോടെ പുറത്താകാതെ നിന്നു.

ആറാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത കോലി - ഹാർദിക് പാണ്ഡ്യ സഖ്യമാണ്. ഇന്ത്യയെ 150 കടത്തിയത്. 15 പന്തുകൾ നേരിട്ട പാണ്ഡ്യ രണ്ടു സിക്സടക്കം 17 റൺസെടുത്ത് ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ഏഴിലെത്തിയപ്പോൾ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (0) നഷ്ടമായി. മാർക്ക് വുഡിന്റെ പന്ത് രാഹുലിന്റെ കുറ്റിയുമായി പറക്കുകയായിരുന്നു.

പിന്നാലെ രണ്ടു ബൗണ്ടറികളോടെ നന്നായി തുടങ്ങിയ രോഹിത് ശർമയേയും (15) മാർക്ക് വുഡ് മടക്കി.കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷന്റെ (4) ഊഴമായിരുന്നു അടുത്തത്. ക്രിസ് ജോർദാന്റെ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച ഇഷാന്റെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ പിന്നോട്ടോടി കൈക്കലാക്കുകയായിരുന്നു.

തുടർന്ന് ക്യാപ്റ്റൻ വിരാട് കോലിയും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ ഒരുവിധത്തിൽ കരകയറ്റുന്നതിനിടെ കോലിയുമായുള്ള ധാരണപ്പിശകിൽ പന്ത് റണ്ണൗട്ടായി. 20 പന്തിൽ മൂന്ന് ഫോറടക്കം 25 റൺസെടുത്ത് മികച്ച രീതിയിൽ മുന്നേറുന്നതിനിടെയാണ് പന്ത് പുറത്താകുന്നത്.പിന്നാലെയെത്തിയ ശ്രേയസ് അയ്യർ ഒമ്പത് പന്തിൽ ഒമ്പത് റൺസുമായി മടങ്ങി.ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോർദാൻ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ ടോം കറന് പകരം മാർക്ക് വുഡ് തിരിച്ചെത്തി. ഇന്ത്യൻ ടീമിൽ രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ സൂര്യകുമാർ യാദവിന് സ്ഥാനം നഷ്ടമായി.