kerala
മരട് ഫ്ലാറ്റ്: നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവെയ്ക്കാൻ നിർമാതാക്കളോട് സുപ്രീംകോടതി
ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവെയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
ആകെ 115 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി വേണ്ടത്. പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മ്മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. എന്നാല്‍ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിർദേശ പ്രകാരം ഇതിൽ 65 കോടി രൂപ അടിയന്തിര സഹായം എന്ന നിലയിൽ സംസ്ഥാന സര്‍ക്കാര്‍ നൽകിയിരുന്നു.
9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയത് 2.89 കോടി രൂപ ആണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന്‍ ജയിന്‍ ഹൌസിങ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്. 17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്‍, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഇത് വരെ ഒരു രൂപയും നല്‍കിയിട്ടില്ല.