Headlines
Loading...
സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം

പിന്‍വാതില്‍ നിയമനങ്ങളിലെ വിവാദം തുടരുന്നതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. വിവിധ റാങ്ക് ലിസ്റ്റിലുകളിലുള്‍പ്പെട്ട നിരവധി ഉദ്യോഗാർത്ഥികളാണ് ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്.

ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ എന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികളില്‍ ചിലർ ആത്മാഹത്യാ ശ്രമം നടത്തിയത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഇവർക്ക് സർക്കാർ ജോലി ലഭിക്കാനുള്ള അവസാന അവസരമാണിത്. റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയില്‍ നിന്നുള്ള പകുതിപ്പേര്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാര്‍ഥികൾ പറയുന്നു. സർവകലാശാലകൾ , സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലെ ലിസ്റ്റിൽ നിന്ന് നികത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

യൂണിവേഴ്സിറ്റി കോളജിലെ കോപ്പിയടി വിവാദം മൂലം നാല് മാസം മരവിപ്പിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉള്ളവരും സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഈ ലിസ്റ്റ് കാലാവധി നീട്ടണമെന്നും ഉദ്യോർഗാർത്ഥികള്‍ ആവശ്യപ്പെടുന്നു. പത്ത് വർഷമായി ശമ്പളവും നിയമന അംഗീകാരവും ലഭിക്കാത്ത അധ്യാപകരും സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധത്തിലാണ്. സർക്കാർ അനുകൂല നിലപാട് എടുക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം