national
മോദിയെ കാത്തിരിക്കുന്നത് ട്രംപിന് നേരിടേണ്ടി വന്നതിനെക്കാള്‍ മോശം വിധി - മമത ബാനര്‍ജി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായിബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്ന് അവർ വിമർശിച്ചു.കൽക്കരി കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തൃണമൂൽ എം.പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മോദിക്കെതിരേയുള്ള മമതയുടെ വിമർശനം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാൾ വളരെ മോശം വിധിയാണ് മോദിയെ കാത്തിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ഗോൾ കീപ്പർ താനാണ്. ഒരൊറ്റ ഗോൾ പോലും സ്കോർ ചെയ്യാൻ ബി.ജെ.പിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു. ഹൂഗ്ലിയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മമത.
'രാജ്യം ഭരിക്കുന്നത് പിശാചുക്കളാണ്. നമ്മുടെ നട്ടെല്ല് തകർക്കാനാണ് അവരുടെ ശ്രമം. നുഴഞ്ഞുകയറി ബംഗാൾ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുജറാത്തിന് ഒരുകാരണവശാലും ബംഗാളിനെ ഭരിക്കാൻ സാധിക്കില്ല' - മമത വ്യക്തമാക്കി. ബിജെപിക്കാർ തന്റെ മരുമകളെ കൽക്കരി കള്ളിയെന്ന് വിളിച്ചതിനെതിനേയും മമത രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.