Headlines
Loading...
ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങൾ; കർഷക സമരത്തെ പിന്തുണച്ച സെലിബ്രിറ്റികൾക്ക് കേന്ദ്രത്തിന്റെ വിമർശനം

ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങൾ; കർഷക സമരത്തെ പിന്തുണച്ച സെലിബ്രിറ്റികൾക്ക് കേന്ദ്രത്തിന്റെ വിമർശനം

ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം. ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളാണ് സെലിബ്രിറ്റികൾ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വസ്‌തുതകൾ പരിശോധിക്കാതെയും യാഥാർഥ്യം മനസിലാക്കാതെയുമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം.

ലഭ്യമായ വിവരങ്ങളെ കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും വിദേശകാര്യ മന്ത്രാലയം. ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. കർഷകരുടെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് കർഷക നിയമങ്ങളെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് ലോക പ്രശസ്‌ത പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൻബർഗ്, മുൻ പോൺ താരം മിയ ഖലീഫ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

, ‘എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഡൽഹിയിലും പരിസരത്തും അവർ ഇന്റർനെറ്റ് പോലും കട്ട് ചെയ്തിരിക്കുന്നു’ എന്നും മിയ ട്വീറ്റ് ചെയ്തു. കർഷകരുടെ പ്രതിഷേധത്തിന് ഫെബ്രുവരി രണ്ടിനു റിഹാനയും ഗ്രെറ്റ ട്യൂൻബർഗും പിന്തുണ നൽകിയതിന് പിന്നാലെയാണ് മിയ ഖലീഫയുടെ ട്വീറ്റ്.

കർഷക സമരവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ വാർത്ത പങ്കുവച്ചുകൊണ്ട് എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തത്? എന്ന ചോദ്യത്തോടെയായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതോടൊപ്പം ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്‌ടാഗും ഗായിക ചേര്‍ത്തു.

കര്‍ഷക പ്രതിഷേധത്തിന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബര്‍ഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‘ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢം പ്രഖ്യാപിക്കുന്നു,’ എന്നായിരുന്നു ട്വീറ്റ് ചെ്യതത്. ഇതോടെ കർഷക പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധ നേടുകയാണ്.

അതേസമയം, റിഹാനയെ വിമർശിച്ചുകൊണ്ട് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തി. “ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ. ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല,” എന്നാണ് കങ്കണ കുറിച്ചത്.

മോദി സർക്കാർ കർഷക സമരത്തെ നേരിട്ട രീതി ആഗോള തലത്തിൽ നാണക്കേടുണ്ടാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകരോടും കർഷകരോടും സർക്കാർ പെരുമാറുന്ന രീതി ആഗോള തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന അവസ്ഥയാണുള്ളത്. രാജ്യം അങ്ങേയറ്റം അപകടാവസ്ഥയിലാണ്. കർഷകരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു