national disaster
ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് കാണാതായ 170 പേർക്ക് വേണ്ടിയുളള തിരച്ചിൽ പുന:രാരംഭിച്ചു
ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് കാണാതായ 170 പേർക്ക് വേണ്ടിയുളള തിരച്ചിൽ പുന:രാരംഭിച്ചു. ചമോലിയിലെ പ്രധാന നദികളിൽ ജലവിതാനം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. മണ്ണിനടിയിൽപെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങൾ ഏഴുമണിയോടെ സംഭവസ്ഥലത്തെത്തും
സംസ്ഥാന ദുരന്ത നിവാരണ സേന നൽകുന്ന കണക്കുകൾ പ്രകാരം ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 170 പേരെ കാണാതായി. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവർത്തനത്തിൽ 16 പേരെയാണ് രക്ഷപ്പെടുത്തി. ഇതിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിയിലെ 900 മീറ്റർ നീളമുളള തപോവൻ ടണലിൽ ഏകദേശം 40 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിൽ 12 പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. ധൗലിഗംഗയിലെ ടണലിൽ 30-35 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടാത്തുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് പവർ പ്രൊജക്ടുകളുടെ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് പ്രധാനമായും അപകടത്തിന് ഇരയായിരിക്കുന്നത്.
അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയർന്നതും ദുർഘടമായ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനുളള ആധുനിക സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ചവരെയും ഇന്നലെ രാത്രി ദെഹ്റാദൂണിൽ എത്തിച്ചിട്ടുണ്ട്. ഇവരെ ഇന്ന് രാവിലെ ഏഴുമണിയോടെ സംഭവസ്ഥലത്തേക്ക് എയർലിഫ്റ്റ് ചെയ്യും.