kerala
തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. ബീച്ചിലേക്ക് വിനോദ സഞ്ചാരികളെ ഇറക്കുന്നത് ഒഴിവാക്കണം.