Headlines
Loading...
പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരും

പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരും

തിരുവനന്തപുരം: കാർഷിക നിയമ ഭേദഗതി ചർച്ച ചെയ്യാനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ നടക്കും. രാവിലെ ഒൻപത് മുതൽ ഒരു മണിക്കൂറാണ് സഭ ചേരുക. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കേണ്ട അടിയന്തര സാഹചര്യത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം വിവാദങ്ങൾക്ക് വഴിവെച്ചിരിന്നു.

ഈ മാസം 23ന് പ്രത്യേക നിയമസഭ സമ്മേളനം ചേരാനായിരുന്നു മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ജനുവരി എട്ടിന് ബഡ്ജറ്റ് സമ്മേളനത്തിനായി സർക്കാർ ഗവർണറോട് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ അനുമതി വേണമെന്ന് ഗവർണറോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അടിയന്തര സാഹചര്യം എന്താണെന്ന് ഗവർണർ വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ സർക്കാരിനായില്ല. തുടർന്നാണ് 23ന് തിരുമാനിച്ചിരുന്ന നിയമസഭാ സമ്മേളനത്തിന്റെ അനുമതി ഗവർണർ നിഷേധിച്ചത്.

അനുമതി നിഷേധിച്ചതോടെ നിയമ മന്ത്രിയും കൃഷി മന്ത്രിയും സ്പീക്കറും ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണറെ വിശ്വാസത്തിലെടുത്ത് മാത്രമെ സർക്കാർ പ്രവർത്തിക്കുവെന്നും മന്ത്രിമാർ ഉറപ്പു നൽകി. ഗവർണറുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. ഇതേ തുടർന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരുന്നതിനായുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചത്. കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ കാർഷിക നിയമ ഭേദഗതി ചർച്ച ചെയ്യുന്നതിനും പ്രമേയം പാസാക്കുന്നതിനുമായാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്.