Headlines
Loading...
NEWS CLICK 10 NOV 2020

NEWS CLICK 10 NOV 2020

🔳എംസി കമറുദ്ദീന്റെ അഴിമതിക്ക് മുസ്ലീം ലീഗ് കൂട്ടുനില്‍ക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. കമറുദ്ദീനെ മുസ്ലിം ലീഗ് ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണെന്നും വിവിധ കേസുകളില്‍ പ്രതികളായ യുഡിഎഫിന്റെ മറ്റ് എംഎല്‍എമാരും സ്വാഭാവികമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും വിജയരാഘവന്‍. 

🔳യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങള്‍ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു തെളിവും കിട്ടില്ലെന്ന് ജലീല്‍. ജലീലിന്റെ മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ്.

🔳സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലിരിക്കെ ഫോണ്‍ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ രാത്രി താമസിപ്പിക്കുന്നത് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം ബിനീഷ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കസ്റ്റഡിക്കാലാവധി കഴിയുന്ന ബുധനാഴ്ച പ്രത്യേക കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കും.

🔳ഫാഷന്‍ മാസികയായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടംനേടി ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ. നിപ്പ, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവാണ് ശൈലജയെ വോഗ് വുമണ്‍ ഓഫ് ദ സീരിസില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്.

🔳വോഗ് ഇന്ത്യയുടെ  വുമണ്‍ ഓഫ് ദ ഇയര്‍ സീരീസില്‍ മന്ത്രി കെ.കെ.ശൈലജ ഇടംനേടിയതിനെ വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍.
ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനമെന്ന് ചോദിച്ച ശോഭാ സുരന്ദ്രന്‍, ഇന്നും 3,593 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ആയതിനാലാണോയെന്നും ഫേസ് ബുക്കില്‍ കുറിച്ചു.

🔳കേരളത്തില്‍ ഇന്നലെ 32,489 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3,593 പേര്‍ക്ക് കോവിഡ്-19 . 22 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1714 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പേരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിന്‍കര സ്വദേശിനി തങ്കം (58), ആറ്റിങ്ങല്‍ സ്വദേശിനി വസന്ത (62), ഉള്ളൂര്‍ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശര്‍മ്മ (79), ചവറ സ്വദേശി ശിവശങ്കര പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേര്‍ത്തല സ്വദേശി ബാലകൃഷ്ണന്‍ (72), ഏഴരയില്‍പുഴയില്‍ സ്വദേശി മോഹനന്‍ (57), പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്പേലി സ്വദേശി ഡേവിഡ് (72), ഏരൂര്‍ സ്വദേശിനി ദേവായനി വാസുദേവന്‍ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാന്‍ (87), വയനാട് വടുവഞ്ചാല്‍ സ്വദേശി ഗോപാലന്‍ (68), ബത്തേരി സ്വദേശിനി പാര്‍വതി (85), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി എ. വിശാല്‍ (37) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 612 ഹോട്ട് സ്പോട്ടുകള്‍.

🔳കൊവിഡ് ബാധിതനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. തുടര്‍ പരിശോധനകള്‍ക്കു വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഗവര്‍ണറുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

🔳മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ കേരളസര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച് സേവ് യുണിവേഴ്‌സിറ്റി ഫോറമാണ് ഗവര്‍ണറെ സമീപിച്ചത്.  2006ലാണ് ഡോക്ടറേറ്റ് കിട്ടിയത്. പ്രബന്ധത്തിലെ പല ഭാഗങ്ങളും പകര്‍ത്തിയെഴുത്താണെന്നാണ് പ്രധാനപരാതി.

🔳കെഎം ഷാജി എംഎല്‍എയുടെ ഭാര്യ ആശയെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായി ആശയുടെ അഭിഭാഷകന്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ടിടി ഇസ്മയിലിന്റെ മൊഴിയും ഇഡി ഇന്നലെ രേഖപ്പെടുത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ മുന്‍പത്തെ മൊഴിയില്‍ വ്യക്തത തേടാനാണ് തന്നെ ഇഡി സംഘം വിളിപ്പിച്ചതെന്ന് ടിടി ഇസ്മായില്‍.

🔳കെഎം ഷാജിക്കെതിരെ നടക്കുന്നത് ഏകപക്ഷീയമായ പ്രതികാര നടപടികളാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കെഎം ഷാജിക്കെതിരെ വധ ഭീഷണി ഉണ്ടായ സംഭവത്തില്‍ നടപടി എടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. അധോലോക പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ കൂപ്പുകുത്തിയ ജാള്യത മറയ്ക്കാനാണ് കെഎം ഷാജിക്കെതിരെ നടപടിയെടുത്തതെന്നും ഷാഫി.

🔳ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് രാവിലെ എട്ട് മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഖ്യം ഭരണത്തുടര്‍ച്ച തേടുമ്പോള്‍ തേജസ്വിയാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ എന്‍ഡിഎ തള്ളിക്കളഞ്ഞിട്ടുണ്ട്‌

🔳റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി. വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അര്‍ണബിന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവില്‍ ഇല്ലെന്നും ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

🔳തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ശ്രമം.
മമത മന്ത്രിസഭയിലെ അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃനിരയിലെ പ്രബലനുമായ സുവേന്ദു അധികാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ബിജെപിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ന് വിമതരുടെ ഒരു മെഗാ റാലി നടത്തുമെന്നും അവകാശപ്പെടുന്നു. എന്നാല്‍ നാരദ കേസില്‍ സുവേന്ദയുടെ പേര് ഉള്‍പ്പെടുത്തി തൃണമൂലിനെ പിളര്‍ത്താന്‍ ബിജെപി നടത്തുന്ന ശ്രമമാണിതെന്നും ആരോപണമുണ്ട്.

🔳ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ടിവി ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ റിപ്പോര്‍ട്ടിംഗ് പാടില്ല. റിപ്പബ്‌ളിക് ടിവി, ടൈംസ് എന്നീ ചാനലുകള്‍ക്കെതിരെ 34 ബോളിവുഡ് നിര്‍മ്മാണ കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

🔳വായുമലിനീകരണം രൂക്ഷമായതോടെ  ഈമാസം 30 വരെ ദില്ലിയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. വായു മലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകള്‍ക്കും നിയന്ത്രണം ബാധകമാകും.

🔳കാഞ്ചീപുരത്ത് മാധ്യമപ്രവര്‍ത്തകനെ കൊലപെടുത്തിയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരും അനധികൃത ഭൂമി കൈയ്യേറ്റ കേസില്‍ ഉള്‍പ്പെട്ടവരാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

🔳ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.പോലീസിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് തങ്ങള്‍ ജീവനൊടുക്കുന്നതെന്ന് കുടുംബം ആരോപിക്കുന്ന വീഡിയോ കണ്ടെടുത്തു.കഴിഞ്ഞയാഴ്ചയാണ് കുര്‍ണൂല്‍ നന്ദയാലിലെ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ സലാം(45) ഭാര്യ നൂര്‍ജഹാന്‍(40) മക്കളായ സല്‍മ(14) ദാധി ഖലന്ധര്‍(10) എന്നിവരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

🔳ലാപ് ടോപ് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്ലസ് ടു പരീക്ഷക്ക് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ ഐശ്വര്യ റെഡ്ഡിയാണ് ജീവനൊടുക്കിയത്. തെലങ്കാനയിലാണ് സംഭവം. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 37,164 കോവിഡ് രോഗികള്‍. മരണം 450. ഇതോടെ ആകെ മരണം 1,27,104 ആയി, ഇതുവരെ 85.91 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.04 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 79.57 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 5,023 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 3,277 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,907 പേര്‍ക്കും കര്‍ണാടകയില്‍ 1,963 പേര്‍ക്കും ആന്ധ്രയില്‍ 1,392 പേര്‍ക്കും  തമിഴ്‌നാട്ടില്‍ 2,257 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,69,087 പുതിയ കോവിഡ് രോഗികള്‍, 6,698 മരണവും.അമേരിക്കയില്‍ ഇന്നലെ 1,14,746 പേര്‍ക്കും ഫ്രാന്‍സില്‍ 20,155 പേര്‍ക്കും ഇറ്റലിയില്‍ 25,271 പേര്‍ക്കും ഇംഗ്ലണ്ടില്‍ 21,350 പേര്‍ക്കും ജര്‍മനിയില്‍ 16,465 പേര്‍ക്കും പോളണ്ടില്‍ 21,713 പേര്‍ക്കും സ്‌പെയിനില്‍ 18,340 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 585 പേരും ഫ്രാന്‍സില്‍ 548 പേരും ഇന്നലെ മരിച്ചു.  ഇതോടെ ആകെ 5.12 കോടി കോവിഡ് രോഗികളും 12.68 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി അമേരിക്കന്‍ മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക് എസ്ഇയും കൂടെ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.    

🔳ശൈത്യകാലത്തും ഡോക്ലാമിലേക്ക് സൈനികരെ എത്തിക്കാന്‍ ചൈന തുരങ്കം നിര്‍മ്മിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

🔳അച്ഛനാകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് അവധി അനുവദിച്ച് ബി.സി.സി.ഐ. ഇതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം കോലി നാട്ടിലേക്ക് മടങ്ങും. കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

🔳വനിത ടി20 ചലഞ്ച് കിരീടം സ്മൃതി മന്ദാനയുടെ ട്രെയ്ല്‍ബ്ലേസേഴ്സിന്. നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ട്രെയ്ല്‍ബ്ലേസേഴ്സ് കന്നി കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍നോവാസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

🔳പതിമൂന്നാമത് ഐപിലിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപ്പിറ്റല്‍സും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം. രാത്രി 7.30 ന്  ഷെയ്ഖ് സായിദ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. അഞ്ചാമത്തെ കിരീടം ലക്ഷ്യം വെച്ചാണ് മുംബൈ മത്സരത്തിന് ഇറങ്ങുന്നതെങ്കില്‍ ഡല്‍ഹി ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് കളത്തിലിറങ്ങുന്നത്.

🔳ദീപാവലിയോടനുബന്ധിച്ച് സംവത് 2077ന് തുടക്കംകുറിച്ച് നവംബര്‍ 14ന് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നടക്കും.  ബിഎസ്ഇയിലും എന്‍എസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതല്‍ 7.15വരെ ഒരുമണിക്കൂറാണ് മുഹൂര്‍ത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷന്‍ 5.45 മുതല്‍ 6വരെയായിരിക്കും.  നവംബര്‍ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയുമായിരിക്കും.

🔳ഓണ്‍ലൈന്‍ പലചരക്ക് വില്പന പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് വിവരം പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ 40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജിബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബിലുള്ളത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്.

🔳സുരേഷ് ഗോപി ചിത്രം 'കാവല്‍' സിനിമയ്ക്ക് പാക്കപ്പ്. കസബ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രമാണ് കാവല്‍. കാവല്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണ്, ആദ്യമായാണ് താന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. തമ്പാന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി വേഷമിടുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. നടന്‍ ലാലും  ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

🔳അക്ഷയ് കുമാറിന്റെ ലക്ഷ്മി  നവംബര്‍ 9 ന്  ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന ഈ  ചിത്രത്തില്‍  അക്ഷയ്കുമാറിന്റെ നായിക.  കഴിഞ്ഞ ദിവസം അക്ഷയ് കുമാര്‍ ട്രാന്‍സ്‌ജെന്‍ഡറായി നൃത്തമാടുന്ന ലക്ഷ്മിയിലെ ബാം ബോലെ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാനത്തിന് ലഭിച്ചത്. അക്ഷയ് കുമാറിനൊപ്പം നൂറു കണക്കിന് ട്രാന്‍സ്‌ജെന്‍ഡര്‍ നര്‍ത്തകരും ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു.

🔳രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഈ വര്‍ഷം ഡിസംബറോടെ 205 ആയി ഉയര്‍ത്താന്‍ ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ് ഒരുങ്ങന്നു. ഡിസംബറോടെ പുതിയ 42 ഡീലര്‍ഷിപ്പുകള്‍ കൂടി തുടങ്ങനാണ് ബ്രാന്‍ഡിന്റെ പദ്ധതി. നിലവില്‍ 163 ഡീലര്‍ഷിപ്പുകള്‍ ആണ് ഉള്ളത്. ലോക്ക്ഡൗണിന് 58 പുതിയ ഡീലര്‍ഷിപ്പുകള്‍ കമ്പനി ആരംഭിച്ചിരുന്നു.

🔳ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍. ലോക്ക് ഡൗണ്‍കാലത്ത് ബെന്യാമിന്‍ അമരക്കാരനായി ഡി സി ബുക്‌സ് സംഘടിപ്പിച്ച കഥയമമ തുടര്‍ക്കഥയുടെ പുസ്തകരൂപമാണിത്. തുടര്‍ക്കഥയുടെ ഭാഗമായി അവതരിപ്പിക്കാത്ത, ബെന്യാമിനെഴുതിയ രഹസ്യ അദ്ധ്യായവും കൂട്ടിച്ചേര്‍ത്താണ് ഈ നോവല്‍ പുറത്തിറക്കുന്നത്. 'പുഴമീനുകളെ കൊല്ലുന്ന വിധം'. ബെന്യമിന്‍. ഡിസി ബുക്‌സ്. വില 123 രൂപ.

🔳ഉന്മാദാവസ്ഥയും മാനസികമായ ആഴയക്കുഴപ്പവും, തുടര്‍ന്നു വരുന്ന പനിയും കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാകാമെന്ന് പഠനങ്ങള്‍. ചുമയും ശ്വാസംമുട്ടലും പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ ചില രോഗികള്‍ക്ക്, പ്രത്യേകിച്ചും പ്രായമായവര്‍ക്ക് ഇത് വരാമെന്നും സ്പെയിനിലെ ഒബേര്‍ട്ട ഡി കാറ്റലുണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. തലവേദനയ്ക്കും മണവും രുചിയും നഷ്ടമാകലിനുമൊപ്പം തന്നെ ഈ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്ന് പഠനം പറയുന്നു. സ്വപ്നം കാണുന്നതുപോലെ, യാഥാര്‍ഥ്യവുമായി ബന്ധം നഷ്ടപ്പെട്ട പോലെയൊക്കെ രോഗിക്ക് ഈയവസ്ഥയില്‍ തോന്നാം. കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുന്നത് വഴി ഓക്സിജന്‍ കോശങ്ങളിലേക്ക് ആവശ്യമായ തോതില്‍ എത്താത്ത അവസ്ഥയുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. കോവിഡ് ബാധയെ തുടര്‍ന്നുണ്ടാകുന്ന സൈറ്റോകീന്‍ സ്റ്റോം തലച്ചോറിലെ കോശങ്ങള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ ഏത് സാഹചര്യവും ഉന്മാദാവസ്ഥയ്ക്ക് കാരണമാകാം. കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ കോശങ്ങളിലേക്ക് ഓക്സിജന്‍ ലഭിക്കാതെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സെറിബ്രല്‍ കോശസംയുക്തങ്ങളില്‍ നിന്നു വൈറസിനെ കണ്ടെത്താനായിട്ടുണ്ട്.  

*ശുഭദിനം*
*കവിത കണ്ണന്‍*
 അതിരാവിലെ ന്യൂയോര്‍ക്ക് പോലീസിന് സഹായാഭ്യര്‍ത്ഥനയുമായി അന്റോണിയോയുടെ ഫോണ്‍ വിളിയെത്തി.  പോലീസെത്തിയപ്പോള്‍ അന്റോണിയോ രക്തത്തില്‍ കുളിച്ച് മുറിക്ക് പുറത്ത് കിടക്കുന്നു. വളര്‍ത്തുനായ ആക്രമിച്ചതാണെന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയ പോലീസ് വാതിലിലെ ദ്വാരത്തിലൂടെ നോക്കി.  മുറിക്കുള്ളില്‍ വലിയൊരു കടുവ.  അവര്‍ അതിനെ മയക്കുവെടി വെച്ചു വീഴ്ത്തി. അന്റോണിയോയെ ആശുപത്രിയിലെത്തിച്ചു.  പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം കുറ്റസമ്മതം നടത്തി. വളരെ നാളുകള്‍ക്ക് മുമ്പ് ഒരു യാത്രയ്ക്കിടയിലാണ് തനിക്കൊരു കടുവ കുഞ്ഞിനെ ലഭിച്ചത്.  അതിനെ വളരെ താലോലിച്ചാണ് താന്‍ വളര്‍ത്തിയത്.  ആ കടുവ തന്നെയാണ് എന്നെ ഇപ്പോള്‍ ആക്രമിച്ചതും.  സഹവസിക്കുന്നവരുടെ സ്വഭാവം നാം തിരിച്ചറിയാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്.  സന്തതസഹചാരികളുടെ സാന്നിധ്യത്തിലെ, അപകടവും അനുഗ്രഹവും വേര്‍ത്തിരിച്ചറിയുക എന്നതാണ് എല്ലാ ബന്ധങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.  കൂടെ നില്‍ക്കുന്നവരെ തിരിച്ചറിയാനോ മനസ്സിലാക്കാനോ സ്വഭാവസവിശേഷതകളെ തിരിച്ചറിയാനോ ആരും മിനക്കെടാറില്ല.  നാം പല വിത്തുകളും നടുന്നതും വിതയ്ക്കുന്നതുമെല്ലാം അവ വളരുമ്പോള്‍ എന്തായി തീരുമെന്ന് അറിയാതെയാണ്.  അതുപോലെ തന്നെ തിരുത്തലിനും രൂപാന്തരത്തിനും പരിധികളും പരിമിതികളുമുണ്ട്.  എന്തിനെയാണ് പരിപാലിക്കുന്നതും എങ്ങിനെയാണ് പരിപാലിക്കേണ്ടതെന്നും നാം മനസ്സിലാക്കിയിരിക്കണം.  നമുക്കും പരിപാലിക്കാന്‍ പഠിക്കാം, തിരിച്ചറിവോടെ - ശുഭദിനം