കേരളത്തില്‍ കായ വില ഇതുപോലെ തകര്‍ന്ന കാലമുണ്ടായിട്ടില്ല. മൂത്തു തുടങ്ങിയ കായയ്ക്കു തോട്ടത്തിലെത്തി ഇന്നലെ മൊത്ത വില പറഞ്ഞതു 12 രൂപ മുതലാണ്. മാര്‍ക്കറ്റിലെത്തിച്ചാല്‍ 14 രൂപ മുതലും. നല്ല ഒന്നാന്തരം കായ 22 രൂപയ്ക്കുവരെ കിട്ടാനുണ്ട്.
കര്‍ഷകനെ കണ്ണീരിലാഴ്ത്തുമ്ബോഴും കായ ഉല്പന്നങ്ങള്‍ക്ക് കടകളില്‍ കൊള്ള വിലയാണ്. 50 രൂപ കടന്നപ്പോഴാണ് പഴം പൊരിക്ക് പത്ത് രൂപയായത്. തലശ്ശേരി സ്‌പെഷ്യല്‍ വിഭവമായ ഉന്നക്ക 12 ല്‍ നിന്നും 15 ലേയ്ക്കും, പഴം റോസ്റ്റ് ചെറുത് 8 ല്‍ നിന്നും10 ലേയ്ക്കും, വലുത് 12 ല്‍ നിന്നും 15ലേയ്ക്കും ഉയര്‍ത്തി.
ഓണം സീസണിനെ അപേക്ഷിച്ച് കായ വില പകുതിയില്‍ താഴെയാണ്. പക്ഷേ ഒരു രൂപ കുറയ്ക്കാന്‍ കടയുടമകള്‍ തയ്യാറായിട്ടില്ല. കായ വറുത്തു കടകളില്‍ എത്തിക്കുന്ന വലിയ ശൃംഖല തന്നെയുണ്ട്. നിലവാരം കുറഞ്ഞ വെളിച്ചെണ്ണയിലും,രണ്ടാംതരം പാമോയിലിലുമാണ് മിക്ക വഴിയോരക്കടകളിലും ഉപ്പേരി ഉണ്ടാക്കുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കും.
14 രൂപയ്ക്കു കായ കിട്ടിയാല്‍ എല്ലാ ചെലവും കഴിഞ്ഞു കിലോയ്ക്ക് 190 രൂപയ്ക്കു വറുത്തു നല്‍കിയാല്‍ 30% വരെ ലാഭം കിട്ടും. ഈ സമയത്താണു കര്‍ഷകരെ ശരിക്കും ഇടിച്ചു പിഴിഞ്ഞു കായ വാങ്ങി വന്‍ വിലയ്ക്ക് വറുത്തതു വില്‍ക്കുന്നത്.കര്‍ഷകനും ഉപഭോക്താവിനും ഒരാനുകൂല്യവും കിട്ടാത്ത കായ വറുക്കലില്‍ വന്‍ ലാഭമുണ്ടാക്കുന്നതു അംഗീകാരമില്ലാതെ നടത്തുന്ന വറവു കമ്ബനികളും വീണ്ടും വീണ്ടും എണ്ണ ഉപയോഗിക്കുന്ന വഴിയോര വറവുകാരുമാണ്. കായ വില കുറയുന്നതു താല്‍ക്കാലിക പ്രതിഭാസമാണെന്നും അതുകൊണ്ടുതന്നെ വില കുറയ്ക്കാനാകില്ലെന്നും ബേക്കറികള്‍ക്കു വറുത്തുകൊടുക്കുന്നര്‍ പറയുന്നത്.