എൽഡിഎഫിന്റെ വൈറൽ പോസ്റ്ററുകൾക്കു മറു പോസ്റ്ററുമായി യുഡിഎഫ്
ബേഡകം ∙ എൽഡിഎഫിന്റെ വൈറൽ പോസ്റ്ററുകൾക്കു മറു പോസ്റ്ററുമായി യുഡിഎഫ്. ബേഡകം പഞ്ചായത്തിലാണു പോസ്റ്റർ യുദ്ധം മുറുകുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ മാതൃകയിൽ ജീപ്പിനു മുകളിൽ കയറി സ്ഥാനാർഥിയായി ഇരിക്കുന്നതടക്കമുള്ള പോസ്റ്ററുകളാണ് എൽഡിഎഫ് ഇറക്കിയത്.
ഈ പോസ്റ്ററുകൾ വാർത്തയിൽ ഇടം നേടിയതോടെയാണു യൂത്ത് കോൺഗ്രസ് മറുപോസ്റ്ററുകൾ ഇറക്കിയത്. സിപിഎം കൊട്ടിഘോഷിക്കുന്ന വൈറൽ പോസ്റ്ററുകൾ യഥാർഥത്തിൽ അവികസിത ബേഡകത്തിന്റെ ചിത്രങ്ങളാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, ഇനിയും വികസനം എത്താത്ത ഗ്രാമീണ പ്രദേശങ്ങൾ എന്നിങ്ങനെയുള്ള വികസന പ്രശ്നങ്ങളെ ജന ശ്രദ്ധയിൽ നിന്ന് അകറ്റാനാണു പോസ്റ്റർ വിപ്ലവത്തിലൂടെ സിപിഎം ശ്രമിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു.
തോണിയിൽ പുഴ കടത്തുന്ന സ്ഥാനാർഥി യഥാർഥത്തിൽ പാലം ഇല്ലായ്മ എന്ന യാഥാർഥ്യം നാട്ടുകാരെ അറിയിക്കുകയാണ്. തകർന്ന റോഡിൽ ജീപ്പിനു മുകളിൽ കയറി ഇരിക്കുകയല്ലാതെ മറ്റു മാർഗമില്ല എന്നാണു യൂത്ത് കോൺഗ്രസ് മറുപടി പോസ്റ്ററിലൂടെ ആരോപിക്കുന്നത്. എൽഡിഎഫിനു വേണ്ടി ടീം ബേഡകം കൂട്ടായ്മ പുറത്തിറക്കിയ പോസ്റ്ററുകൾ സംസ്ഥാനം മുഴുവൻ ചർച്ചയായിരുന്നു