തിരുവനന്തപുരം: ജനുവരിയില്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സ്കൂള്‍തലത്തില്‍ തയാറാക്കാന്‍ നിര്‍ദേശം. ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തുന്ന പത്ത്, പ്ലസ് ടു ക്ലാസുകളെടുക്കുന്ന അധ്യാപകര്‍ ചേര്‍ന്ന് ഇതിനുള്ള പദ്ധതി തയാറാക്കണം. ഒരുസമയം വരേണ്ട കുട്ടികളുടെ എണ്ണം, അധ്യാപകരുടെ എണ്ണം, ലാബിെന്റ സൗകര്യം, വിദ്യാര്‍ഥികളെ വിവരം അറിയിക്കല്‍, രക്ഷാകര്‍ത്താക്കളുടെ അനുമതി വാങ്ങല്‍, സ്കൂളില്‍ ഏര്‍പ്പെടുത്തേണ്ട മറ്റ് ക്രമീകരണങ്ങള്‍ തുടങ്ങിയവ അധ്യാപകര്‍ തയാറാക്കുന്ന പ്ലാനില്‍ ഉള്‍പ്പെടുത്തണം.
ജനുവരി ആദ്യം മുതല്‍തന്നെ വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുന്നതിെന്റ സാധ്യതയാണ് വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുന്നത്. വിക്ടേഴ്സ് ചാനല്‍ വഴി ലഭിച്ച ഡിജിറ്റല്‍ ക്ലാസുകള്‍ എത്രത്തോളം വിദ്യാര്‍ഥികള്‍ ഗ്രഹിച്ചുവെന്നതിെന്റ പരിശോധന വിദ്യാര്‍ഥികള്‍ എത്തുന്ന മുറയ്ക്ക് നടത്തും. ഏപ്രിലിനകം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനാണ് ആലോചന. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ബോര്‍ഡുകളുടെയും മറ്റ് സ്റ്റേറ്റ് ബോര്‍ഡുകളുടെയും തീരുമാനം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡിസംബര്‍ രണ്ടിന് സംസ്ഥാനങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യം ഇക്കാര്യങ്ങളില്‍ നിര്‍ണായകമാകും.