Headlines
Loading...
ഈ അമ്മേടെ ജിമിക്കിക്കമ്മൽ ആ പണിക്കാർ തിരിച്ചു തന്നേ!

ഈ അമ്മേടെ ജിമിക്കിക്കമ്മൽ ആ പണിക്കാർ തിരിച്ചു തന്നേ!

കാസർകോട് ∙ വീട്ടുമുറ്റത്ത് കളഞ്ഞുപോയ പൊന്നുകൊണ്ടുള്ള ജിമിക്കിക്കമ്മൽ 20 വർഷത്തിനു ശേഷം തിരികെ കിട്ടിയതിൽ സന്തോഷിച്ചിരിക്കുകയാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണി (85). നാരായണിയുടെ കല്യാണത്തിനു മാതാപിതാക്കൾ വാങ്ങിയ ജിമിക്കി കമ്മലാണ് 2000 ൽ കളഞ്ഞുപോയത്.കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്തു തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന ബേബിക്കും സംഘത്തിനുമാണ് കമ്മൽ ലഭിച്ചത്. കമ്മൽ കണ്ട മാത്രയിൽ നാരായണി ഓർത്തെടുത്തു.

കമ്മൽ നഷ്ടപ്പെടുമ്പോൾ പവന് 4000 രൂപയിൽ താഴെയായിരുന്നു വില. ഇന്നലെ 40,000 രൂപയ്ക്ക് അടുത്തും. വീട്ടിലെ കിണറിനു സമീപത്താണ് കമ്മൽ നഷ്ടമായത്. തിരികെ കിട്ടിയത് സമീപത്തു കരനെൽക്കൃഷിക്കു മണ്ണൊരുക്കുമ്പോൾ. കിണറിനടുത്തെ മണ്ണ് കുറച്ചു നാൾ മുൻപ് മണ്ണു മാന്തി ഉപയോഗിച്ച് കമ്മൽ കണ്ടെത്തിയ സ്ഥലത്തേക്കു മാറ്റിയിരുന്നു.\

‘‘മൂന്നുപറ നെല്ല് സ്വർണപ്പണിക്കാർക്കു കൊടുത്താണ് അന്നു ഇതു വാങ്ങിയത്. കല്യാണത്തിന് അച്ഛനും അമ്മയും തന്നതാണ്. അതു കളഞ്ഞു പോയത് എന്റെ ജീവിതത്തിലെ വലിയ സങ്കടമായിരുന്നു. 65 വയസ്സുള്ളപ്പോഴാണതു പോയത്. എന്റെ സങ്കടം കണ്ടപ്പോ വീട്ടുകാർ അതേ രൂപത്തിലൊരു കമ്മൽ വാങ്ങിത്തന്നെങ്കിലും നഷ്ടപ്പെട്ടതിന്റെ വില അതിനുണ്ടാകില്ലല്ലോ.’’ – നാരായണി പറയുന്നു.

കമ്മൽ കിട്ടിയപ്പോൾ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് ‍ഞങ്ങൾക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബി കുണ്ടംപാറയും സംഘവും പറഞ്ഞു.നാരായണിയുടെ ഭർത്താവ് കണ്ണൻ 6 വർഷം മുൻപ് മരിച്ച ശേഷം മകൻ ബാലകൃഷ്ണനൊപ്പമാണ് താമസിക്കുന്നത്.