kerala
പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് പുരസ്കാരം
രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽ നിന്നുള്ള പത്ത് പേർ അർഹരായി.ഐ.ജി നാഗരാജു ചക്കിലം, എസ്.പിമാരായ ബി.കൃഷ്ണകുമാർ, ജയശങ്കർ.ആർ, ഡിവൈ.എസ്.പിമാരായ കെ.എച്ച്.മുഹമ്മദ് കബീർ റാവുത്തർ, കെ.ആർ.വേണുഗോപാലൻ, ഗോപാലകൃഷ്ണൻ.എം.കെ, ഡെപ്യൂട്ടി കമാൻറൻറ് റ്റി.പി.ശ്യാംസുന്ദർ, സബ്ബ് ഇൻസ്പെക്ടർ സാജൻ.കെ.ജോർജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ശശികുമാർ.എൽ, ഷീബ.എ.കെ എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്.
ഐ.ജി നാഗരാജു ചക്കിലം നിലവിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ്. സി.ബി.ഐയിൽ ഡി.ഐ.ജിയായി ജോലി ചെയ്യവെ ബാങ്കിംഗ് മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് തെളിയിച്ചു. പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി ആയിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പി ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ബി.കൃഷ്ണകുമാർ നിലവിൽ ഇൻറേണൽ സെക്യൂരിറ്റി എസ്.പി ആണ്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ എക്സ്ട്രിമിസ്റ്റ് സെല്ലിൽ ഡിവൈ.എസ്.പി ആയി പ്രവർത്തിച്ചിട്ടുണ്ട്. 2012 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സതേൺ റേഞ്ച് എസ്.പിയാണ് ജയശങ്കർ.ആർ. തിരുവനന്തപുരം, കൊല്ലം വിജിലൻസ് യൂണിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈ.എസ്.പിയായി ജോലി നോക്കിയിട്ടുണ്ട്.ഇടുക്കി അഡീഷണൽ എസ്.പിയായ കെ.എച്ച്.മുഹമ്മദ് കബീർ റാവുത്തർ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആയിരുന്നു. വിജിലൻസ്, നാർക്കോട്ടിക് സെൽ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഡിവൈ.എസ്.പി ആയി പ്രവർത്തിച്ചു. 2018 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. കെ.ആർ.വേണുഗോപാലൻ നിലവിൽ കൊച്ചിൻ ഷിപ്പ് യാർഡിൽ ഡെപ്യൂട്ടേഷനിൽ വിജിലൻസ് ഓഫീസറായി ജോലിനോക്കുന്നു.
എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ ഡിവൈ.എസ്.പി ആയിരുന്നു. തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് ഗോപാലകൃഷ്ണൻ.എം.കെ. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിവൈ.എസ്.പി ആയി ജോലി നോക്കി. 2012 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.
കെ.എ.പി നാലാം ബറ്റാലിയനിൽ ഡെപ്യൂട്ടി കമാൻറൻറാണ് റ്റി.പി.ശ്യാം സുന്ദർ. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻറൻറിൻറെ അധികചുമതലയും വഹിക്കുന്നു. എസ്.ബി.സി.ഐ.ഡി സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെൻറ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഇന്ത്യ റിസർവ് ബറ്റാലിയൻ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2005 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു.സബ്ബ് ഇൻസ്പെക്ടറായ സാജൻ.കെ.ജോർജ് നിലവിൽ എറണാകുളം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. ഏഴ് വർഷം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കൊച്ചി യൂണിറ്റിൽ ജോലി നോക്കിയിട്ടുണ്ട്.
2021 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടറായ ശശികുമാർ.എൽ തിരുവനന്തപുരം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്നു. 2009 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. നിലവിൽ പുതുക്കാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടറാണ് ഷീബ.എ.കെ. 2018 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.