
kerala
പിജി ഡോക്ടർമാർക്ക് പിന്തുണ; ഇന്ന് ഹൗസ് സർജൻമാരും പണിമുടക്കും
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സമരം ചെയ്യുന്ന പി ജി ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും ഇന്ന് സൂചന പണിമുടക്ക് നടത്തും. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പി ജി ഡോക്ടർമാരുടെ സമരം പതിമൂന്നാം ദിവസവും, അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം നാലാം ദിവസത്തിലേക്കും കടന്നു.
രണ്ടായിരത്തോളം പി ജി ഡോക്ടർമാർ കുറഞ്ഞതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ഇതിന് പിന്നാലെയാണ് ഹൗസ് സർജൻമാരും സൂചന പണിമുടക്ക് നടത്തുന്നത്. പി ജി ഡോക്ടർമാർ സമരം പ്രഖ്യാപിച്ചതോടെ ഹൗസ് സർജന്മാരെ വെച്ചും, മെഡിക്കൽ കോളേജ് അധ്യാപകരുടെ ഡ്യൂട്ടി പുനക്രമീകരിച്ചുമാണ് ആരോഗ്യ വകുപ്പ് നിലവിലെ പ്രതിസന്ധി പരിഹരിച്ചത്.
എന്നാൽ ഇതോടെ ഹൗസ് സർജൻമാരുടെയും,അധ്യാപകരുടെയും ജോലി ഭാരം ഇരട്ടിയായി.
ഇതിൽ പ്രതിഷേധിച്ചും, പ്രശ്നത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുമാണ് ഹൗസ് സർജൻന്മാർ കോവിഡ് ഡ്യൂട്ടി അത്യാഹിതവിഭാഗം എന്നിവ ഒഴികെ മറ്റെല്ലാ വിഭാഗവും ബഹിഷ്കരിച്ച് 24 മണിക്കൂർ പണിമുടക്കുന്നത്.
മെഡിക്കൽ കോളേജ് അധ്യാപക സംഘടനകളും പി ജി ഡോക്ടർമാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നീറ്റ് പി ജി പ്രവേശന നടപടികൾ വേഗത്തിലാക്കുക,നാല് ശതമാനം സ്റ്റൈപണ്ട് വർദ്ധനവ് നടത്തുക,ആവശ്യത്തിന് നോൺ അക്കാഡമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ സ്റ്റൈപ്പൻഡ് വർദ്ധനവെന്ന തൽക്കാലം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.