Headlines
Loading...
മദ്യപാനത്തിന് 'ടച്ചിംഗ്സ്' വിഷപ്പാമ്ബ് ചുട്ടത്; രണ്ട് യുവാക്കള്‍ ആശുപത്രിയില്‍

മദ്യപാനത്തിന് 'ടച്ചിംഗ്സ്' വിഷപ്പാമ്ബ് ചുട്ടത്; രണ്ട് യുവാക്കള്‍ ആശുപത്രിയില്‍

റായ്പൂർ: മദ്യ ലഹരിയിൽ വിഷപ്പാമ്പിനെ ചുട്ട് തിന്ന രണ്ട് യുവാക്കൾ ആശുപത്രിയിൽ ചികിത്സയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഇരുവരും ഭക്ഷിച്ചത്. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും സാഹസം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ തന്നെ കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ചയായിരുന്നു കോർബ ടൗണിന് കീഴിലെ സിറ്റി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീട്ടിലാണ് വിഷപ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ കുടുംബാംഗം പാമ്പിനെ പിടികൂടി എരിയുന്ന തീയിലേക്ക് എറിഞ്ഞു. പാതിവെന്ത പാമ്പിനെ റോഡിലേക്ക് എറിയുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം ഇതുവഴി വന്ന സമീപത്ത് താമസിക്കുന്ന ഗുഡ്ഡു ആനന്ദും സുഹൃത്തായ രാജു ജാങ്ഡേും റോഡിൽ പാമ്പ് കിടക്കുന്നത് കണ്ടു. മദ്യലഹരിയിലായിരുന്ന ഇരുവരും പാമ്പിനെ തിന്നുകയായിരുന്നു.രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവും ഭക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഛത്തീസ്ഗഡിലെ തന്നെ റായിഗഡിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വീട്ടിനുള്ളിൽ പാമ്പിനെ കണ്ട ഉടൻ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പാമ്പിനെ തല്ലികൊല്ലാൻ ശ്രമിച്ചു. മരിച്ചെന്നു കരുതി പാമ്പിനെ വീട്ടിലെ ഇളയ കുട്ടി എടുക്കുകയും പാമ്പ് കടിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പാമ്പിന്റെ തല വെട്ടിമാറ്റുകയും അത് തിന്നുകയും ചെയ്തു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.