Headlines
Loading...
സിന്ധുവും മേരി കോമും ഇന്നിറങ്ങും; മലയാളത്തിന്റെ പ്രാര്‍ഥനകളുമായി സജനും, ഹോക്കിയില്‍ പുരുഷന്മാര്‍ക്ക് എതിരാളികള്‍ ഓസീസ്

സിന്ധുവും മേരി കോമും ഇന്നിറങ്ങും; മലയാളത്തിന്റെ പ്രാര്‍ഥനകളുമായി സജനും, ഹോക്കിയില്‍ പുരുഷന്മാര്‍ക്ക് എതിരാളികള്‍ ഓസീസ്

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ന് ഇന്ത്യക്ക് ഏറെ പ്രതീക്ഷകള്‍ പൂക്കുന്ന ദിനം. ഒളിമ്പിക്‌സ് മെഡല്‍ സ്വപ്‌നം കാണുന്ന ഇനങ്ങളില്‍ 130 കോടി ജനതയുടെ പ്രതീക്ഷകളുമായി രാജ്യത്തിന്റെ പ്രമുഖ താരങ്ങള്‍ തന്നെ ഇന്ന് കളത്തിലിറങ്ങും.

റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധു, അഞ്ചു തവണ ലോക ചാമ്പ്യനായ വനിതാ ബോക്‌സിങ് താരം മേരി കോം, മലയാളക്കരയില്‍ നിന്ന് മെഡല്‍ നീന്തിയെടുക്കാന്‍ ടോക്യോയില്‍ എത്തിയ കേരളത്തിന്റെ അഭിമാന താരം സജന്‍ പ്രകാശ്, മലയാളി താരം പി.ആര്‍. ശ്രീജേഷ് നയിക്കുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവരിലാണ് ലോക കായിക മാമാങ്കത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ പ്രതീക്ഷ.

സ്വര്‍ണമെഡല്‍ മാത്രം പ്രതീക്ഷിക്കുന്ന വനിതകളുടെ ബാഡ്മിന്റണില്‍ റിയോയില്‍ കൈവിട്ട സ്വര്‍ണം തേടിയാണ് സിന്ധു ഇറങ്ങുന്നത്. രാവിലെ 6:40ന് നടക്കുന്ന മത്സരത്തില്‍ ഇസ്രായേല്‍ താരം കെസീന പോളികാര്‍പോവയാണ് സിന്ധുവിന്റെ എതിരാളി.

ലോക ഏഴാം നമ്പര്‍ താരമായ സിന്ധുവിന് 58-ാം റാങ്കുകാരിയായ ഇസ്രായേല്‍ താരം വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയില്‍ സിന്ധുവിന് കാര്യമായ വെല്ലവിളികള്‍ ഇല്ലെന്നു വേണം കരുതാന്‍. പോളികാര്‍പ്പോവയ്ക്കു പുറമേ ലോക 34-ാം റാങ്ക് താരം ഹോങ്‌കോങ്ങിന്റെ ച്യുങ് ഗ്യാന്‍ യിയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധുവിന്റെ മറ്റൊരു എതിരാളി. ഒളിമ്പിക്‌സില്‍ ആറാം സീഡ് താരമാണ് സിന്ധു.

വനിതകളുടെ ബോക്‌സിങ്ങില്‍ ഇതിഹാസ താരം മേരി കോമാണ് നാളെ പ്രതീക്ഷകളുമായി ഇറങ്ങുന്ന മറ്റൊരു പ്രമുഖ താരം. ഉച്ചയ്ക്ക് 1:30ന് നടക്കുന്ന വനിതകളുടെ ഫ്‌ളൈ വെയ്റ്റ് വിഭാഗം മത്സരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസാണ് മേരിയുടെ എതിരാളി.

തന്റെ അവസാന ഒളിമ്പിക്‌സിനിറങ്ങുന്ന 38-കാരിയായ മേരി ടോക്യോയില്‍ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ബോക്‌സിങ്ങില്‍ മേരിക്കു പുറമേ പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റില്‍ മനീഷ് കൗശിക്കും(വൈകിട്ട് മൂന്നു മുതല്‍) ഇന്നു റിങ്ങില്‍ ഇറങ്ങും.

കേരളക്കരയുടെ മുഴുവന്‍ പ്രാര്‍ഥനകളുമായി ഇന്നു ടോക്യോയിലെ പൂളില്‍ നീന്താന്‍ ഇറങ്ങുന്ന സജന്‍ പ്രകാശാണ് മറ്റൊരു പ്രമുഖ താരം. 200 മീറ്റര്‍ ഫ്രീസ്‌റൈല്‍ ഹീറ്റ്‌സിലാണ്(വൈകിട്ട് 4:10 മുതല്‍) സജന്‍ ഇന്ന് മത്സരിക്കുന്നത്. വനിതകളുടെ ഇതേ വിഭാഗത്തില്‍ മാനാ പട്ടേലും പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഹീറ്റ്‌സില്‍ ശ്രീഹരി നടരാജും ഇന്നു മത്സരത്തിനുണ്ടാകും.

മെഡല്‍ പ്രതീക്ഷയുടെ പുരുഷ വിഭാഗം ഹോക്കിയിലാണ് ഇന്ത്യക്ക് ഇന്ന് മറ്റൊരു മത്സരം. ഇന്ന് ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3-2 എന്ന സ്‌കോറില്‍ തോല്‍പിച്ച ഇന്ത്യക്ക് നാളെ കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകിട്ട് മൂന്നു മുതലാണ് മത്സരം.

ഷൂട്ടിങ് റെയ്ഞ്ചിലാണ് ടോക്യോയിലെ രണ്ടാം ദിനം ഇന്ത്യയുടെ പ്രതീക്ഷകള്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, പുരുഷന്മാരുടെ സ്‌കീറ്റ്, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എന്നിവയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്. രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്ന മനു ഭേക്കര്‍, യശ്വസിനി സിങ് ദേശ്‌വാള്‍, അംഗദ് വീര്‍സിങ് ബജ്‌വ, മൈരാജ് അഹ്മദ് ഖാന്‍, ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ പന്‍വാര്‍ എന്നിവരാണ് മെഡലിലേക്ക് ഉന്നംപിടിക്കുന്നത്.