തൃശൂര്‍: കുഴല്‍പ്പണ വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാന അധ്യക്ഷ സ്ഥാനം കെ. സുരേന്ദ്രന്‍ രാജിവെച്ചേക്കുമെന്ന് സൂചന. കുഴല്‍പ്പണ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദം ഒതുക്കാന്‍ കെ. സുരേന്ദ്രന്‍ മാറ്റിനിര്‍ത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇ ശ്രീധരനെ താല്‍ക്കാലികമായി ചുമതലയേല്‍പ്പിക്കാനും സാധ്യതകളുണ്ട്.
പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയും കുഴല്‍പ്പണ വിവാദവും വലിയ ആഘാതം സൃഷ്ടിച്ചുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും കറപുരളാത്ത നേതാവിനെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു.
കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ. സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവരുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം തടയിടാന്‍ നേതാക്കള്‍ ശ്രമിക്കുന്നതായിട്ടാണ് സൂചന. ഇ ശ്രീധരന്‍ താല്‍ക്കാലികമായി സ്ഥാനമേറ്റെടുക്കും, പ്രശ്‌നങ്ങള്‍ ഒതുങ്ങിയ ശേഷം കുമ്മനം രാജശേഖരന് സ്ഥാനമേല്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ സുരേന്ദ്രന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകും. പ്രസീത അഴിക്കോട് ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടതും സുരേന്ദ്രന് തിരിച്ചടിയായിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയെ സ്വാധീനിച്ച് പത്രിക പിന്‍വലിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേതൃസ്ഥാനം കൈമാറാന്‍ കെ. സുരേന്ദ്രന് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക സ്ഥാനത്തേക്ക് ഇ ശ്രീധരനെ പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. സന്ദീപ് വാര്യരെ നിര്‍ണായക സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നും സൂചനയുണ്ട്.