kerala
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തദിവസങ്ങളില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അന്തിമ പട്ടികയിലേക്കെത്തുമ്പോള്‍ കണ്ണൂര്‍ എംപി കെ സുധാകരന് തന്നെയാണ് ഹെെക്കമാന്റ് മുന്‍ഗണന നല്‍കുന്നതെന്നാണ് സൂചന.
മുതിര്‍ന്ന നേതാക്കള്‍ മൗനം തുടരുന്ന ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമുണ്ടാകുക. ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും കെ സുധാകരനെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷനേതാവ് വിഡി സതീശനും സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, വി കെ ശ്രീകണ്ഠന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ ഈ നീക്കത്തില്‍ എതിര്‍പ്പുരേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരിഖ് അന്‍വര്‍ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കുന്നില്ല എന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി സ്വന്തം നിലയ്ക്ക് പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്റിന്റെ തീരുമാനം. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ ബാബു, തുടങ്ങിയ നേതാക്കളുടെ പേരുകളാണ് ഹൈക്കമാന്റിന്റെ പരിഗണനയിലുണ്ടായിരുന്നത്.