കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട; രണ്ട് കോടിയിലേറെ രൂപ വിലവരുന്ന സ്വർണം പിടികൂടി
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
48 മണിക്കൂറിനിടെ 9 കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്. ആറര ലക്ഷം രൂപ വിലവരുന്ന എട്ടര കിലോ കുങ്കുമപൂവും പിടിച്ചെടുത്തു. ദുബായിൽ നിന്നും എത്തിയ നാല് യാത്രക്കാരിൽ നിന്ന് 810 ഗ്രാം സ്വർണവും. മൂന്ന് പേരിൽ നിന്നായി 885 ഗ്രാം സ്വർണവും പിടികൂടി. മലപ്പുറം സ്വദേശിയായ യുവതിയിൽ നിന്ന് 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ സദാൻ മുഹമ്മദ്. ജഷീർ എന്നിവർ പിടിയിലായി. ജംഷീറിന്റെ ബാഗിൽ നിന്ന് 3 കിലോ കുങ്കുമപൂവും കണ്ടെടുത്തിട്ടുണ്ട്. സ്വർണം മിശ്രിത രൂപത്തിലാക്കി ക്യാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും ടേബിൾ ലാമ്പിൽ മറച്ചുവച്ചും കടത്തവെയാണ് ഇരുവരും പിടിയിലായത്.
മറ്റൊരു യാത്രക്കാരനിൽ നിന്ന് 5.5 കിലോ കുങ്കുമപൂവും 89 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഒരു കോടിയിലേറെ രൂപ വിലവരുന്ന 2147 ഗ്രാം സ്വർണമാണ് കണ്ണൂരിൽ പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി സിറാജ് പിടിയിലായി.