Headlines
Loading...
"ജാതീയമായി ആക്ഷേപിച്ചു"; നെയ്യാർ പോലീസിനെതിരെ കൂടുതൽ പരാതികൾ: വിശദീകരണവുമായി പോലീസ്

"ജാതീയമായി ആക്ഷേപിച്ചു"; നെയ്യാർ പോലീസിനെതിരെ കൂടുതൽ പരാതികൾ: വിശദീകരണവുമായി പോലീസ്

തിരുവനന്തപുരം: പരാതിക്കാരനെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ വിവാദത്തിലായ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനെതിരെ കൂടുതല്‍ പരാതികളുയരുന്നു. സ്റ്റേഷനില്‍ പരാതി അറിയിക്കാന്‍ എത്തിയപ്പോള്‍ ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തിരുവനന്തപുരം പള്ളിവേട്ട കോളനി നിവാസി പുഷ്പലത പ്രതികരിച്ചു.

സുദേവന്റെ പരാതിയില്‍ സ്ഥലംമാറ്റപ്പെട്ട എഎസ്‌ഐ ഗോപകുമാറിനെതിരെയാണ് പുതിയ ആരോപണവും ഉയരുന്നത്. പരാതി നല്‍കാനെത്തിയ തന്നെ ജാതീയമായി അധിക്ഷേപിച്ചു. പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് നിരന്തരം കോളനിയില്‍ എത്തി അപമാനിച്ചുവെന്നും പുഷപലത ആരോപിക്കുന്നു.

ഓണഘോഷത്തിനിടയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 2018ല്‍ പുഷപലതയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുഷപലത നെയ്യാര്‍ സ്റ്റേഷനിലെത്തിയിരുന്നത്.

അതിനിടെ സ്റ്റേഷനെതിരെ ഉയരുന്ന പരാതികളില്‍ വിശദീകരണവുമായി നെയ്യാര്‍ പൊലീസ് രംഗത്തെത്തി. സുദേവന്റെ പരാതി പരിഹരിച്ചതാണെന്നും മനപൂര്‍വം പ്രകോപനമുണ്ടാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. മറ്റ് ആരോപണങ്ങള്‍ ശരിയല്ല. ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും നെയ്യാര്‍ പൊലീസ് വിശദീകരിക്കുന്നു.